ADVERTISEMENT

വാഷിങ്ടൻ ∙ ആഗോളതലത്തിൽത്തന്നെ സ്ഥിതിവിരശാസ്ത്രശാഖ (സ്റ്റാറ്റിസ്റ്റിക്സ്) പിച്ചവയ്ക്കുന്ന കാലത്താണ് ഡോ. സി.ആർ.റാവു ആ മേഖലയിൽ ആകൃഷ്ടനായത്. അതിനു നിമിത്തമായത് പട്ടാളത്തിൽ ചേരാനുള്ള ഒരു അഭിമുഖം. 

1941 ൽ അച്ഛൻ മരിച്ചതിനു ശേഷമായിരുന്നു സൈന്യത്തിൽ ജോലിക്കു ശ്രമിച്ചത്. കൽക്കട്ടയിലെ അഭിമുഖത്തിനു കയറും മുൻപു പരിചയപ്പെട്ട ഒരാൾ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചു (ഐഎസ്ഐ) സംസാരിച്ചു. അതു സ്ഥാപിച്ച ഡോ. പി.സി. മഹലനോബിസിനെ‌ക്കുറിച്ചും പറഞ്ഞു. ഏറെ താൽപര്യം തോന്നിയ റാവു അപ്പോൾത്തന്നെ ഐഎസ്ഐ ക്യാംപസ് സന്ദർശിച്ചു. അതാണു തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞതോടെ തിരികെ വിശാഖപട്ടണത്തെ വീട്ടിലെത്തി അമ്മയോടു കാര്യം പറഞ്ഞു. കൽക്കട്ടയിൽ താമസിക്കാൻ വേണ്ട 30 രൂപ മാസാമാസം എങ്ങനെയെങ്കിലും കണ്ടെത്താമെന്ന് ആത്മവിശ്വാസം പകർന്ന് അമ്മയാണ് മകനെ സ്റ്റാറ്റിസ്റ്റിക്സ് പഠനത്തിന് അയച്ചത്. 

റാവുവിന്റെ പ്രതിഭ മനസ്സിലാക്കിയ ഡോ. മഹലനോബിസ് തന്നെയാണ് കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ വിദഗ്ധ പരിശീലനത്തിന് അയച്ചത്. അതും വലിയ വഴിത്തിരിവായി. സ്ഥിതിവിവരശാസ്ത്രത്തിലെ ആദ്യകാല പ്രതിഭകളിലൊരാളായ റോണാൾഡ് ഫിഷറുടെ മേൽനോട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം ഐഎസ്ഐയിലേക്ക് മടങ്ങിയെത്തി. ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്സ് പഠനരീതിയെത്തന്നെ മാറ്റിയെഴുതി നീണ്ട 40 വർഷം അദ്ദേഹം അവിടെ അധ്യാപകനായി. 

1945 ൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം ഈ മേഖലയിൽ 3 സുപ്രധാന വഴിത്തിരിവുകളാണു സൃഷ്ടിച്ചത്. ‘മാർജിൻ ഓഫ് എറർ’ കണക്കാക്കുന്നതുൾപ്പെടെ സ്ഥിതിവിവര ഗണനാസിദ്ധാന്തങ്ങൾക്ക് അടിത്തറയിട്ട ക്രാമർ–റാവു ലോവർ ബൗണ്ട്, റാവു – ബ്ലാക്ക്‌വെൽ തിയറം എന്നിവയും ഇൻഫർമേഷൻ ജ്യോമെട്രി എന്ന പുതിയ പഠനശാഖയും ജന്മമെടുത്തത് അതിനു ശേഷമാണ്. മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ആധാരശിലയായി മാറിയ ‘ക്രാമർ–റാവു ലോവർ ബൗണ്ട്’ ക്വാണ്ടം ഫിസിക്സിലും സിഗ്‌നൽ പ്രോസസിങ്ങിലും വരെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ലാർജ് ഹാഡ്രോൺ കൊളൈഡർ പരീക്ഷണശാലയിൽ കണ്ടെത്തിയ ‘ദൈവകണം’ എന്ന ഹിഗ്‌സ് ബോസോണുകളെ പഠിക്കുന്നതിനു പ്രയോജനപ്പെട്ടത് ഇൻഫർമേഷൻ ജ്യോമെട്രിയാണ്. ഡേറ്റ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റങ്ങളിലും ഇൻഫർമേഷൻ ജ്യോമെട്രിയുണ്ട്.

കമ്മിറ്റി ഓൺ സ്റ്റാറ്റിസ്റ്റിക്സ് (1962–69), ഡിമൊഗ്രഫിക് ആൻഡ് കമ്യൂണിക്കേഷൻ ഫോർ പോപ്പുലേഷൻ കൺട്രോൾ (1968–69), കമ്മിറ്റി ഓൺ മാത്തമാറ്റിക്സ്, ആറ്റമിക് എനർജി കമ്മിഷൻ (1969–78) തുടങ്ങിയവയുടെ ചെയർമാൻ പദവിയും വഹിച്ചു. വിരമിച്ചതിനു ശേഷം യുഎസിലേക്കു കുടിയേറി.

English Summary : Dr. CR Rao, Beloved of all fields of science

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com