ചന്ദ്രയാൻ ടീമിനെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി; ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനം
Mail This Article
ബെംഗളൂരു ∙ ചന്ദ്രയാൻ 3 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ഓർമയ്ക്ക് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി പോയിന്റ്’ എന്നും ചന്ദ്രയാൻ 2 തകർന്നുവീണ സ്ഥലം ‘തിരംഗ’ എന്നും അറിയപ്പെടും.
ചന്ദ്രയാൻ 3 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ഐഎസ്ആർഒ ബെംഗളൂരു ഇസ്ട്രാക് കേന്ദ്രത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. ചന്ദ്രയാൻ ഒന്നിന്റെ ഭാഗമായ മൂൺ ഇംപാക്ട് പ്രോബ് പതിച്ച സ്ഥലം ‘ജവാഹർ പോയിന്റ്’ എന്നാണ് അറിയപ്പെടുന്നത്.
‘‘ശിവൻ ശുഭകരമായ അവസ്ഥയെയും ശക്തി സ്ത്രീശക്തിയെയും ഓർമിപ്പിക്കുന്നു. 2019 ൽ ചന്ദ്രയാൻ 2 ലക്ഷ്യത്തിലെത്താതെപോയ സമയത്തുതന്നെ ആ പോയിന്റിനെ ‘തിരംഗ’ എന്നു വിളിക്കാൻ നിർദേശമുണ്ടായിരുന്നു. പക്ഷേ ചന്ദ്രയാൻ ദൗത്യം വിജയിച്ചാലേ പേരു നൽകൂ എന്നു തീരുമാനമെടുത്തിരുന്നു.
എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള ശക്തിയാണ് ‘തിരംഗ’ (ത്രിവർണം) നൽകുന്നത്. ദൗത്യം വിജയിച്ച സമയത്തു വിദേശത്തായിരുന്നെങ്കിലും മനസ്സ് ഐഎസ്ആർഒയിലായിരുന്നു. ഏറ്റവും പ്രചോദനകരമായ നിമിഷങ്ങളാണ് നിങ്ങൾ സ്വന്തമാക്കിയത്.
ചരിത്ര വിജയത്തിനായി ശാസ്ത്രജ്ഞർ നടത്തിയ കഠിനാധ്വാനം എല്ലാവരും അറിയണം. ശാസ്ത്രജ്ഞരെ ഞാൻ അഭിവാദ്യം ചെയ്യുന്നു’’– പ്രധാനമന്ത്രി പറഞ്ഞു.
ഗ്രീസിൽനിന്ന് ഇന്നലെ പുലർച്ചെയാണ് മോദി ബെംഗളൂരുവിലെത്തിയത്. ഇസ്ട്രാക്കിൽ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന്റെ നേതൃത്വത്തിൽ ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വിക്രം ലാൻഡറിന്റെ പ്രവർത്തനം വിശദീകരിച്ച സോമനാഥ്, ചന്ദ്രോപരിതലത്തിലെ ലാൻഡറിന്റെയും റോവറിന്റെയും ചിത്രങ്ങൾ അദ്ദേഹത്തിനു സമ്മാനിച്ചു.
English Summary: Prime Minister congratulated the Chandrayaan team in person