രാത്രിയായാൽ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രി; ചന്ദ്രയാൻ 3 നാളെ കഴിഞ്ഞ് ഉറക്കത്തിലേക്ക്
Mail This Article
ചെന്നൈ ∙ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലയ്ക്കുന്നതോടെ ചന്ദ്രയാൻ 3 ദൗത്യം നിദ്രയിലേക്ക്. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. ചാന്ദ്രദിനം ആരംഭിച്ച് 2 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ഇറങ്ങിയത്. അതിനാൽ 12 ദിവസമേ ലാൻഡറിനും റോവറിനും ലഭ്യമായുള്ളൂ.
രാത്രിയായാൽ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെ താഴും. അതിനുശേഷം അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയാൻ ഈ മാസം 16–17 വരെ കാത്തിരിക്കണം. അതുവരെ ലാൻഡറിലെയും റോവറിലെയും മറ്റു പേലോഡുകൾ (ശാസ്ത്രീയ പഠനോപകരണങ്ങൾ) ഉറക്കത്തിലേക്കു പോകുമെങ്കിലും ‘നാസ’യുടെ സഹായത്തോടെ നിർമിച്ച് ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ഇതിലെ റിട്രോറിഫ്ലക്ടറുകൾ ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ സഹായിക്കും.
English Summary: Chandrayaan 3 to sleep mode after tomorrow