ADVERTISEMENT

സൗരവാതത്തെക്കുറിച്ചുള്ള പഠനം ആദിത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ദൗത്യത്തിന്റെ 7 പേലോഡുകളിലൊന്നായ ആസ്പെക്സാണ് ഇതു നിർവഹിക്കുക. സൗരവാതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയെന്നത് വളരെ പ്രധാനമാണ്. സൗരവാതത്തിനു ഭൂമിയിലെ വൈദ്യുതി ശൃംഖലകളെയും ഇന്റർനെറ്റുൾപ്പെടെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെയും നശിപ്പിക്കാനുള്ള ശേഷിയുണ്ട്.

സൂര്യന്റെ ഏറ്റവും പുറത്തെ ഭാഗമായ കൊറോണയിൽ താപനില 11 ലക്ഷം ഡിഗ്രി വരെ ഉയരാറുണ്ട്. ആ സമയത്ത്, സൂര്യന്റെ ഗുരുത്വബലത്തിന് അതിവേഗത്തിൽ (സെക്കൻഡിൽ 800 കിലോമീറ്റർ വരെ) ചലിക്കുന്ന പ്ലാസ്മ കണികകളെ നിയന്ത്രിച്ചു നിർത്താനാകില്ല. ഇവ സൂര്യന്റെ ആകർഷണവലയം ഭേദിച്ചു സൗരയൂഥത്തിലേക്ക് തെറിക്കും. പ്ലാസ്മയെക്കാൾ വാതകങ്ങളുടെ സ്വഭാവമാകും ഇവയ്ക്കപ്പോളുണ്ടാകുക. ഇതാണ് സൗരവാതം.

ഭൂമിയുടെ അന്തരീക്ഷത്തിനു സമീപമെത്തുമ്പോൾ ഗ്രഹത്തിന്റെ കാന്തികമേഖല ഇവയെ തടയും. അതിനാൽ സാധാരണഗതിയിൽ ഇവ അപകടകാരികളാകാറില്ല.

എന്നാൽ, ചില സമയത്ത് സൂര്യനിൽ നിന്ന് വലിയ അളവിൽ പ്ലാസ്മ പുറന്തള്ളപ്പെടും. ഇതിനെ കൊറോണൽ മാസ് ഇജക്‌ഷൻ എന്നു വിളിക്കുന്നു. ഇവയുടെ കൃത്യമായ ഉത്ഭവ കാരണങ്ങൾ ഇന്നും അറിവായിട്ടില്ല. ധ്രുവദീപ്തികളും മറ്റുമുണ്ടാകുന്നത് ഇവമൂലമാണ്.

സാധാരണ ഗതിയിൽ സൗരവാതങ്ങൾ ജനജീവിതത്തെ കടുത്ത നിലയിൽ ബാധിക്കാറില്ല. എന്നാൽ ലോകം ഭീതിയിലാഴ്ന്ന സംഭവങ്ങളുമുണ്ട്.

1582 ലെ സൗരവാതം

∙ ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സൗരവാതങ്ങളിൽ ഏറ്റവും തീക്ഷ്ണമായത് നടന്നത് 1582 ൽ ആണ്. പ്രതിഭാസം 3 ദിനരാത്രങ്ങൾ നീണ്ടു നിന്നു. ജർമനിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ ഇതു കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

∙ 1859 ൽ കാരിങ്ടൻ ഇവന്റ് എന്നറിയപ്പെടുന്ന സൗരവാതം മൂലം യുഎസിലെ ടെലിഗ്രാഫ് സംവിധാനങ്ങള്‍ തകരാറിലായി.

∙ 1909 ൽ അതിതീവ്രമായ സൗരവാതം ഉത്ഭവിച്ചു. ജപ്പാനിലായിരുന്നു ഇത് ഏറെ ദൃശ്യമായത്. ആകാശം നീലനിറത്തിലായി പിന്നീട് കടുംചുവപ്പും. മേഖലയിലെ ടെലിഗ്രാഫ് സംവിധാനങ്ങളെല്ലാം താറുമാറാക്കപ്പെട്ടു. 

∙ 1921 ൽ സംഭവിച്ച മറ്റൊരു സൗരവാതത്തിൽ യുഎസിൽ ദിവസങ്ങളോളം വൈദ്യുതി നിലച്ചു.

∙ 1989 ൽ സൗരവാത പതനത്തിന്റെ ഫലമായി കാനഡയിലെ ക്യുബെക്കിൽ 9 മണിക്കൂറോളം വൈദ്യുതി മുടങ്ങി.

Content Highlight : Aditya-L1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com