പുനർജനിക്കുന്നു വ്യാപാര ഇടനാഴി; ബന്ധിക്കപ്പെടുന്നു 3 ഭൂഖണ്ഡങ്ങൾ
Mail This Article
ന്യൂഡൽഹി ∙ അഗത ക്രിസ്റ്റിയുടെ പ്രസിദ്ധമായ മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസിലെ കേന്ദ്രകഥാപാത്രം തുർക്കിയിലെ ഇസ്തംബുൾ മുതൽ പാരിസ് വരെ ഓടിയിരുന്ന ട്രെയിനാണ്. പടിഞ്ഞാറൻ യൂറോപ്പിലെ പാരിസ് മുതൽ ഏഷ്യയുടെയും യൂറോപ്പിന്റെയും ജംക്‌ഷനായ ഇസ്തംബുൾ വരെ ഒരു ട്രെയിൻ 19–ാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ 20–ാം നൂറ്റാണ്ടിന്റെ പാതികഴിയും വരെ ഓടിയിരുന്നു എന്ന് ഇന്നു പലർക്കും സങ്കൽപിക്കാനാകില്ല.
പശ്ചിമേഷ്യയെയും തെക്കുകിഴക്കൻ യൂറോപ്പിനെയും മുറിച്ചുകിടന്ന റെയിൽപാതകൾ മിക്കവയും അറുപതുകൾക്കു ശേഷമുണ്ടായ യുദ്ധങ്ങളിലും സ്പർധകളിലുമാണു തകർന്നത്. അവയിൽ പലതും പുതിയൊരു റെയിൽ – കപ്പൽ ഇടനാഴിയിലൂടെ പുനർജനിക്കുകയാണ്. ആ പുനർജനിയിൽ ഇന്ത്യയ്ക്കും പങ്കുണ്ടാവും.
പഴയ ട്രെയിൻ മാർഗത്തിൽ യൂറോപ്പിനാവശ്യമായ അസംസ്കൃതവസ്തുക്കളും തിരിച്ച് വ്യാവസായിക ഉൽപന്നങ്ങളും നീങ്ങി. വടക്കൻ ആഫ്രിക്കയിലെ മൊറോക്കോ, ഈജിപ്ത്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കപ്പൽമാർഗം ലെബനനിലെ ബെയ്റൂട്ടിലും സിറിയയിലെ ട്രിപ്പോളിയിലും എത്തി. അലപ്പോ വഴി യാത്രക്കാരും ചരക്കുകളും ഇസ്തംബുളിലെത്തി അവിടെനിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കു സുഗമമായി യാത്ര ചെയ്തിരുന്നു.
ഇന്നലെ ജി20 സമ്മേളനത്തിനിടയിൽ ഇന്ത്യയും യുഎസും സൗദി അറേബ്യയും യുഎഇയും യൂറോപ്യൻ യൂണിയനും ചേർന്നാണ് ഈ ശൃംഖല വിപുലമായി പുനർജനിപ്പിക്കുന്ന ധാരണ പ്രഖ്യാപിച്ചത്.
പഴയ റെയിൽപാതയെക്കുറിച്ചോ ക്രിസ്റ്റിയുടെ നോവലിനെക്കുറിച്ചോ പ്രഖ്യാപനത്തിൽ പരാമർശമില്ലെങ്കിലും 2021ൽ ‘ദി ഇക്കണോമിസ്റ്റ്’ എന്ന ബ്രിട്ടിഷ് വാരിക ക്രിസ്റ്റിയുടെ അപസർപ്പകകഥ ആധാരമാക്കി തകർന്നുപോയ റെയിൽശൃംഖലയുടെ വാണിജ്യസാധ്യതകളെക്കുറിച്ച് ഒരു ഫീച്ചർ ചെയ്തതാണ് സാമ്പത്തികലോകത്തിന്റെ കണ്ണുതുറപ്പിച്ചത്. പഴയ ശൃംഖലയെ വികസിപ്പിച്ച് വിപുലമാക്കിയെടുത്താൽ ചൈനയുടെ ബെൽറ്റ് റോഡ് വാണിജ്യശൃംഖലയുടെ യൂറേഷ്യൻ കരത്തിന് വെല്ലുവിളിയെന്നോണം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്ന ബോധ്യമാണിപ്പോൾ ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് ഇടനാഴിയുടെ പുനർജനിക്കു കാരണമായത്.
ഇന്ത്യയിൽനിന്നു കപ്പൽ മാർഗം ചരക്കുകൾ ഇസ്രയേലിലെ മെഡിറ്ററേനിയൻ തീരത്തെ ഹൈഫ തുറമുഖത്തും (ഹൈഫ തുറമുഖത്തിന്റെ ഒരു ഭാഗം അദാനി ഗ്രൂപ്പാണ് നിയന്ത്രിക്കുന്നത്) ഗൾഫ് രാജ്യങ്ങളിലും എത്തിച്ച് അവിടെനിന്നു യൂറോപ്പിലേക്കു റെയിൽമാർഗം എത്തിക്കാനാകും.
അടുത്തകാലത്ത് രൂപപ്പെട്ട ഐ2യു2 (ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ) ഫോറത്തിലാണു പദ്ധതി വിശദമായി ചർച്ച ചെയ്യപ്പെട്ടത്. സുഹൃത്തുക്കളും പരസ്പരവൈരികളുമായ ഇസ്രയേലിനെയും സൗദി അറേബ്യയെയും ഒരുമിച്ചുകൊണ്ടുവരാമെന്നതിലാണ് യുഎസിന്റെ താൽപര്യം. ‘‘ഇത് ഒരു വലിയ സംഗതിതന്നെ’’ എന്നായിരുന്നു ഇതെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
പശ്ചിമേഷ്യയിലെയും സമീപപ്രദേശങ്ങളിലെയും രാജ്യങ്ങൾ റെയിൽ നിർമാണവും പുനർനിർമാണവും തുടങ്ങിക്കഴിഞ്ഞു. ഹൈഫയിൽനിന്ന് അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്കും ജോർദാനിലേക്കും ഇറാനിൽനിന്നു തെക്കേ ഇറാഖിലേക്കും തുർക്കിയിലേക്കും ഈജിപ്തിൽ നിന്നു സുഡാനിലേക്കും ലിബിയയിലേക്കും റെയിൽപാതകളും റോഡുകളും പുരോഗമിക്കുകയാണ്.
English Summary : Reborn trade corridor connects 3 continents