ന്യൂഡൽഹി ∙ യുഎൻ അടക്കമുള്ള രാജ്യാന്തര സംഘടനകളുടെ പരിഷ്കരണമാണ് അടുത്ത ലക്ഷ്യമെന്നു വ്യക്തമാക്കി ജി20 ഉച്ചകോടിക്കു സമാപനം. ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നു ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഔപചാരികമായി ഏറ്റെടുത്തു.

യുഎൻ രക്ഷാസമിതിയിൽ കാലാനുസൃത മാറ്റം വേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു ‘ഒരു ഭാവി’ എന്ന അവസാന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷപ്രസംഗം. സ്ഥിരാംഗങ്ങൾ അടക്കം പഴയ കാലത്തേതാണ്. പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങൾ ലോകക്രമത്തിൽ പ്രതിഫലിക്കണം. ലോക ബാങ്കിലും രാജ്യാന്തര നാണ്യനിധിയിലും (ഐഎംഎഫ്) വികസ്വര രാജ്യങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം വേണമെന്നു സെഷന്റെ സമാപനത്തിൽ ലുല ഡ സിൽവ പറഞ്ഞു.

അടുത്തവർഷം ജി20ക്കു 3 മുൻഗണനാ വിഷയങ്ങളാകും ഉണ്ടാകുക– 1. സാമൂഹികനീതിയും വിശപ്പിനെതിരായ പോരാട്ടവും, 2. പുതിയ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം, 3.ആഗോള സംഘടനകളുടെ പരിഷ്കരണം. 

വിശപ്പിനും ദാരിദ്ര്യത്തിനുമെതിരെ ആഗോള സഖ്യം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോള കൂട്ടായ്മ എന്നിവ ലക്ഷ്യമിട്ട് 2 കർമസമിതികൾ രൂപീകരിക്കുമെന്നും ലുല ഡ സിൽവ അറിയിച്ചു. നവംബറിൽ വെർച്വൽ ഉച്ചകോടി നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു.

ജി20 രാഷ്ട്രനേതാക്കൾ രാവിലെ രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പചക്രം അർപ്പിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയും അവസാന സെഷനു മുൻപുതന്നെ ഡൽഹിയിൽനിന്നു മടങ്ങി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ഡൽഹി അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി.

**EDS: RPT, ADDS FULL NAME OF BRAZIL PRESIDENT; IMAGE VIA @g20org** New Delhi: Prime Minister Narendra Modi congratulates Brazil's President Luiz Inacio Lula da Silva while handing him over the presidency of G20 after the closing session of the G20 Summit 2023 at the Bharat Mandapam, in New Delhi, Sunday, Sept. 10, 2023. (PTI Photo)  (PTI09_10_2023_RPT165B)
ജി20 ഉച്ചകോടിയുടെ അടുത്ത അധ്യക്ഷപദവി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ബ്രസീൽ പ്രസിഡന്റ് ലൂല ഡ സിൽവ ഔപചാരികമായി ഏറ്റെടുക്കുന്നു.

 

ഇന്ത്യ– സൗദി ഊർജ കരാർ ഇന്ന് ഒപ്പിട്ടേക്കും

ന്യൂഡൽഹി ∙ ഊർജ സഹകരണത്തിന് ഇന്ത്യയും സൗദി അറേബ്യയും ഇന്നു ധാരണാപത്രം ഒപ്പുവച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്നു നടത്തുന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം.

ഇരുരാജ്യങ്ങളുടെയും വൈദ്യുതി ഗ്രിഡുകൾ കടലിനടിയിലൂടെ കേബിൾ വഴി ബന്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു. പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലും സഹകരണത്തിനു സാധ്യതയുണ്ട്.

English Summary:  Reformation of UN and related bodies will be G-20 agenda next