ജി20 സമ്മേളനത്തിന്റെ സംയുക്ത പ്രസ്താവന: ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് തരൂർ
Mail This Article
ന്യൂഡൽഹി ∙ ജി20 സമ്മേളനത്തിന്റെ സംയുക്ത പ്രസ്താവനയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ശശി തരൂർ എംപി. ജി20യിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണിതെന്നു സമൂഹമാധ്യമമായ എക്സിൽ കുറിച്ച ശശി തരൂർ, ജി20 ഷെർപ അമിതാഭ് കാന്തിനെയും പ്രശംസിച്ചു. റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണു സംയുക്ത പ്രസ്താവനയുടെ അന്തിമരൂപം തയാറാക്കിയത്. അമിതാഭ് കാന്തിന്റെ നേതൃത്വത്തിലാണു ചർച്ചകൾ നടന്നത്.
‘നിങ്ങൾ ഐഎഎസ് തിരഞ്ഞെടുത്തപ്പോൾ വിദേശകാര്യ സർവീസിനു മികച്ചൊരു നയതന്ത്രജ്ഞനെ നഷ്ടമായെന്നു തോന്നുന്നു’ അമിതാഭ് കാന്തിനെ അഭിനന്ദിച്ചു ശശി തരൂർ കുറിച്ചു. റഷ്യ– യുക്രെയ്ൻ സംഘർഷത്തിൽ കേന്ദ്രസർക്കാരിന്റെ നയത്തെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങും പ്രശംസിച്ചിരുന്നു. സമാധാനത്തിനു ശ്രമിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരവും സാമ്പത്തിക താൽപര്യവും മുൻനിർത്തിയുള്ള നീക്കമാണു കേന്ദ്രം നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
‘എഐ ഉപയോഗത്തിൽ ഉത്തരവാദിത്തം വേണം’
ന്യൂഡൽഹി ∙ മനുഷ്യ കേന്ദ്രീകൃത എഐ സംവിധാനങ്ങൾ ഉരുത്തിരിയണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയും നിർദേശിച്ചു. സൈബർ സുരക്ഷ, ക്രിപ്റ്റോ എന്നിവ കത്തുന്ന പ്രശ്നങ്ങളാണെന്നു മോദി പറഞ്ഞു. ക്രിപ്റ്റോ കറൻസി നിയന്ത്രിക്കുന്നതിനും സൈബർ ലോകം തീവ്രവാദത്തിനും തീവ്രവാദ ഫണ്ടിങ്ങിനും ഉപയോഗിക്കുന്നതു തടയാനും ശക്തമായ നടപടികളുണ്ടാവണം. എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും താൽപര്യങ്ങളും കണക്കിലെടുക്കുമ്പോഴാണ് ‘ഒരു ഭാവി’ എന്ന സങ്കൽപം യാഥാർഥ്യമാകുകയെന്നും പറഞ്ഞു. നിർമിത ബുദ്ധിയുടെ ഉപയോഗം ഉത്തരവാദിത്ത പൂർണമായിരിക്കണമെന്നു ലുല ഡ സിൽവ നിർദേശിച്ചു.
ഡൽഹിയിൽ മഴ; വെള്ളക്കെട്ട് നീക്കി
ന്യൂഡൽഹി∙ ഒറ്റ രാത്രികൊണ്ടു പെയ്ത മഴയിൽ ജി20 ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തു ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ശനിയാഴ്ച വൈകിട്ടാണു ശക്തമായ മഴ പെയ്തത്. വെള്ളം വലിച്ചെടുക്കുന്ന മെഷീനുകൾ ഉപയോഗിച്ചു വെള്ളക്കെട്ടു പരിഹരിച്ചു. അഹമ്മദാബാദിൽ നിന്ന് 4 വലിയ ഡീവാട്ടറിങ് ട്രക്കുകൾ രാജ്ഘട്ടിലും പ്രഗതി മൈതാനത്തും എത്തിച്ചിരുന്നു. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്കു സുരക്ഷാകാരണങ്ങളാൽ കുട കൈവശം വയ്ക്കാൻ ആദ്യദിനം അനുമതിയുണ്ടായിരുന്നില്ല. മഴ കണക്കിലെടുത്തു രണ്ടാം ദിവസം പ്രത്യേക അനുമതി നൽകി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജി20 സമ്മേളനം പ്രമാണിച്ചു കാലാവസ്ഥാ റഡാറും സജ്ജമാക്കിയിരുന്നു. ശനിയാഴ്ച രാത്രി മുഴുവൻ നീണ്ടു നിന്ന മഴയെത്തുടർന്ന് ഡൽഹിയിലെ താപനില 23.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്നലെ രാവിലെ വരെ മാത്രം 39 മില്ലിമീറ്റർ മഴയാണു ഡൽഹിയിൽ പെയ്തത്.
നിർദിഷ്ട ഇടനാഴി ഏറ്റവും വലിയ സഹകരണ പദ്ധതി: നെതന്യാഹു
ജറുസലം∙ ജി20 ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട ഇന്ത്യ–മധ്യപൂർവദേശ– യൂറോപ്പ് സാമ്പത്തിക ഇടനാഴി ലോകത്തെ ഏറ്റവും വലിയ സഹകരണ പദ്ധതിയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. മധ്യപൂർവദേശത്തിന്റെയും ഇസ്രയേലിന്റെയും മുഖഛായ മാറ്റുന്ന നടപടിയാണിത്, സ്വാഗതം ചെയ്യുന്നു– നെതന്യാഹു പറഞ്ഞു. ഇസ്രയേലും സൗദിയുമായി ബന്ധങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്താണു പുതിയ പദ്ധതി.
നവംബറിൽ വെർച്വൽ സമ്മേളനം വേണം: മോദി
ന്യൂഡൽഹി∙ ഇന്ത്യയുടെ അധ്യക്ഷ പദവി അവസാനിക്കുന്ന നവംബറിൽ വെർച്വലായി ജി20 സമ്മേളനം നടത്തണമെന്നു സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. ഈ ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പായോ എന്നു വിലയിരുത്താൻ വെർച്വൽ സമ്മേളനത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്താനായതു വിശാലമായ ആഗോള സംവാദത്തിനു വഴിയൊരുക്കും. വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇന്ത്യയുടെ അധ്യക്ഷ പദവിക്കു കഴിഞ്ഞെന്നും മോദി പറഞ്ഞു.
English Summary: G 20 summit concluded