ADVERTISEMENT

ന്യൂഡൽഹി ∙ സ്വതന്ത്ര മാധ്യമ പ്രവർത്തനവും മനുഷ്യാവകാശ സംരക്ഷണവും ജനാധിപത്യത്തിൽ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി. ജി20 ഉച്ചകോടിക്കു ശേഷം വിയറ്റ്നാമിലെത്തിയ യുഎസ് പ്രസിഡന്റ് മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന മോദി–ബൈഡൻ കൂടിക്കാഴ്ചയിൽ മാധ്യമപ്രവർത്തകരെ അനുവദിക്കാത്തതിൽ യുഎസ് മാധ്യമ പ്രവർത്തകർക്ക് പ്രതിഷേധമുണ്ടായിരുന്നു. പലവഴിക്കു ശ്രമിച്ചിട്ടും അനുവാദം ലഭിച്ചില്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. 

ജനാധിപത്യത്തെക്കുറിച്ച് നിരന്തരം പറയുന്ന അമേരിക്കയ്ക്ക് മോദി ഇത്തരം കാര്യങ്ങളിലെടുക്കുന്ന നിലപാടുകളോടുകളെപ്പറ്റി എന്താണ് അഭിപ്രായമെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനോട് ചോദ്യവുമുയർന്നിരുന്നു. ‘മറ്റു നേതാക്കളുടെ കാര്യത്തിൽ നിലപാടു പറയാനാവില്ല; യുഎസിന്റെ നിലപാടുകൾ ഉയർത്തിപ്പിക്കാനേ കഴിയൂ’ എന്നു മറുപടി നൽകിയ സള്ളിവൻ ജി20ക്കിടെയുള്ള കൂടിക്കാഴ്ച മറ്റ് ഉഭയകക്ഷി ചർച്ചകൾ പോലെയല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. 

മനുഷ്യാവകാശ സംരക്ഷണം, പത്രസ്വാതന്ത്ര്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് എന്നത്തേയും പോലെ താൻ മോദിയോടു പറഞ്ഞുവെന്നായിരുന്നു ബൈഡന്റെ പ്രതികരണം. എന്നാൽ, ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇക്കാര്യം പരാമർശിച്ചിരുന്നില്ല. 

ന്യൂനപക്ഷങ്ങളോടു ബിജെപിയുടെ നിലപാടിനെക്കുറിച്ച് മോദിയുടെ യുഎസ് സന്ദർശനത്തിനിടെ യുഎസ് മാധ്യമപ്രവർത്തക സബ്രീന സിദ്ദീഖി ചോദിച്ചിരുന്നു. പിന്നീട് ഇന്ത്യയിൽ ബിജെപിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഹാൻഡിലുകളിൽ നിന്ന് അവർക്കെതിരെ നിശിത വിമർശനങ്ങളുണ്ടായി. ഇതിനെതിരെ വൈറ്റ് ഹൗസ് ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇത്തരം സമീപനം അസ്വീകാര്യമാണെന്ന് യുഎസ് വ്യക്തമാക്കി. ബൈഡന്റെ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് പരിഹസിച്ചു. വിയറ്റ്നാമിലെത്തിയപ്പോൾ ബൈഡൻ വാസ്തവം പറഞ്ഞുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. 

English Summary : Media freedom and human rights; Joe Biden said that things have been said to narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com