ഡൽഹിയിൽ മോദി– ട്രൂഡോ ചർച്ച; കാനഡയിൽ ഇന്ത്യ വിരുദ്ധ നീക്കം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച വേളയിൽ തന്നെ അവിടത്തെ ഖലിസ്ഥാൻ സംഘടന ഇന്ത്യ വിരുദ്ധ ഹിതപരിശോധന നടത്തി. ഞായറാഴ്ച മോദി–ട്രൂഡോ ചർച്ച നടന്നതിനു പിന്നാലെയാണ് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഹിതപരിശോധന നടത്തിയത്. ഈ പരിപാടിയിൽ അവരുടെ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുൻ ഇന്ത്യയ്ക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തു.
ഖലിസ്ഥാൻ അനുകൂലികളോട് ട്രൂഡോ ഭരണകൂടം അനുഭാവം പുലർത്തുന്നതായാണ് ആക്ഷേപം. അടുത്ത കാലത്ത് ഇന്ത്യയുമായുള്ള വ്യാപാര പദ്ധതികൾ ട്രൂഡോ ഏകപക്ഷീയമായി മരവിപ്പിക്കുകയും ചെയ്തു.
ജി20 സമ്മേളനത്തിനെത്തിയ ട്രൂഡോയെ അവഗണിക്കുന്ന സമീപനം ഇന്ത്യയുടെയും അംഗരാജ്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടായി എന്നു സമൂഹമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. ഈ സമ്മേളനത്തിൽ ഇന്ത്യയുമായല്ലാതെ മറ്റു രാജ്യത്തലവന്മാരുമായി ട്രൂഡോയുടെ ഉഭയകക്ഷി ചർച്ചകളുണ്ടായിരുന്നില്ല. മോദിയുമായുള്ള ചർച്ച തന്നെ ഏറ്റവും അവസാനമാണു നടന്നത്. അതിൽ സുഗമമായ ബന്ധം നിലനിൽക്കണമെങ്കിൽ വിഘടനവാദികൾക്കെതിരെ നടപടിയുണ്ടാകണമെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാൽ, കാനഡയുടെ വിഷയത്തിൽ ‘പുറത്തു നിന്നുള്ള ഇടപെടൽ’ അനുവദിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതായാണ് വിവരം. അതിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലും കാനഡയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നാണ് ട്രൂഡോ പറഞ്ഞത്.
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്ത്യ–കാനഡ ബന്ധമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് അനേകം വിദ്യാർഥികളും മറ്റും കാനഡയിലെത്തുന്ന സമയത്താണ് ബന്ധം മോശമായത്. ജനാധിപത്യത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം നിലനിർത്താനുള്ള നടപടി കാനഡ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
വിമാനത്തിനു തകരാർ: കാനഡ പ്രധാനമന്ത്രി ഇന്ത്യയിൽ കുടുങ്ങി
ന്യൂഡൽഹി ∙ വിമാനം കേടായതു മൂലം ജസ്റ്റിൻ ട്രൂഡോയ്ക്കും സംഘവും ഡൽഹിയിൽ കുടുങ്ങി. കേടായ വിമാനം നന്നാക്കി പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഗുരുതരമായ തകരാറായതിനാൽ സമയമെടുക്കുമെന്നാണ് വിവരം. ഇതോടെയാണ് പകരം വിമാനമെത്തിക്കാൻ തീരുമാനിച്ചത്. ഇന്ന് പുതിയ വിമാനത്തിൽ സംഘം മടങ്ങിപ്പോകും.
English Summary : Narendra Modi and Justin Trudeau discussion in Delhi; anti-India move in Canada