‘ബൈഡന്റെ ടാക്സി ’ വേറെ ഓട്ടംപോയി; സുരക്ഷാവീഴ്ച
Mail This Article
ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാഹനവ്യൂഹത്തിലേക്കു വാടകയ്ക്ക് എടുത്ത ടാക്സി കാർ മറ്റ് ഓട്ടത്തിനു പോയതു സുരക്ഷാവീഴ്ചയായി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ടാക്സി കാറിൽ ജി20 സ്റ്റിക്കറുകളും പതിച്ചിരുന്നു. 9.30ന് ആണു ബൈഡന്റെ വാഹനവ്യൂഹം പുറപ്പെടേണ്ടിയിരുന്നത്. ഇതിനു മുൻപായി തന്റെ സ്ഥിരം യാത്രക്കാരനു വേണ്ടി ഓട്ടം പോയതാണു ഡ്രൈവർക്കു കുരുക്കായത്.
ലോധി റോഡിൽനിന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ താമസിക്കുന്ന താജ് മാൻസിങ് ഹോട്ടലിലേക്കായിരുന്നു യാത്ര. ഹോട്ടലിലേക്കു കയറാൻ ശ്രമിച്ച വാഹനത്തിലെ സ്റ്റിക്കറുകൾ കണ്ട് ഉദ്യോഗസ്ഥർ തടഞ്ഞു. ഇതു ബൈഡന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടതാണെന്നു പൊലീസിനു ബോധ്യപ്പെട്ടു.
ജി20 ഡ്യൂട്ടിക്കിടെ വേറെ ഓട്ടം പോകരുതെന്നു തനിക്കറിയില്ലായിരുന്നുവെന്നാണു ഡ്രൈവർ പറഞ്ഞത്. ഡ്രൈവറെയും യാത്രക്കാരനായ ബിസിനസുകാരനെയും ചോദ്യം ചെയ്തു വിട്ടയച്ചു. കാർ വാഹനവ്യൂഹത്തിൽനിന്ന് ഒഴിവാക്കി. സ്റ്റിക്കറുകളും നീക്കി.
English Summary: Security lapse in G20 as US President Joe Biden's convoy