രാജ്യദ്രോഹ വകുപ്പ്: വിശാല ബെഞ്ച് പരിശോധിക്കും
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ശിക്ഷാ നിയമം പരിഷ്കരിക്കാനുള്ള പുതിയ ബില്ലിൽ പാർലമെന്റിന്റെ തീരുമാനം വരുന്നതു വരെ രാജ്യദ്രോഹം സംബന്ധിച്ച 124എ വകുപ്പു ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. പകരം, വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ അഞ്ചിൽ കുറയാതെ അംഗങ്ങളുള്ള വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
പുതിയ ബിൽ നിയമമായാലും നേരത്തേയെടുത്ത രാജ്യദ്രോഹ കേസുകൾക്കു ബാധകമാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പുതിയ ബിൽ അവതരിപ്പിച്ചത് 124എ വകുപ്പിന്റെ ഭരണഘടന സാധുത പരിശോധിക്കുന്നതിനു തടസ്സമല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസ് പരിഗണിച്ചയുടൻ ഇന്ത്യൻ ശിക്ഷാ നിയമം പരിഷ്കരിക്കാനുള്ള ഭാരതീയ ന്യായ സംഹിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ച കാര്യം അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇതിനെ പിന്താങ്ങി. പാർലമെന്റിന്റെ തീരുമാനം വരെ കാക്കണമെന്ന് എജി പറഞ്ഞെങ്കിലും നേരത്തേ ചുമത്തിയ രാജ്യദ്രോഹ കേസുകൾക്കു പുതിയ ബില്ലും നിയമവും ബാധകമാകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഇതിനിടെ, പുതിയ ബില്ലിലും രാജ്യദ്രോഹത്തിനു സമാനമായ വകുപ്പുണ്ടെന്നും അതു കൂടുതൽ മോശമാണെന്നും അഭിഭാഷകരായ കപിൽ സിബലും അർവിന്ദ് ദത്തറും പറഞ്ഞു. ഇടക്കാല ഉത്തരവിലൂടെ രാജ്യദ്രോഹ വകുപ്പിന്റെ ഉപയോഗം കോടതി തടഞ്ഞിട്ടുണ്ടെങ്കിലും നിയമപ്രശ്നത്തിന് ഉത്തരം നൽകേണ്ടതുണ്ടെന്നു വ്യക്തമാക്കിയാണു വിഷയം വിശാല ബെഞ്ചിനു വിട്ടത്. ഉയർന്ന ബെഞ്ചിനു വിടുന്നതിലെ വിവിധ സാധ്യതകൾ കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, 7 അംഗ ബെഞ്ചിനു വിടണമെന്ന ആവശ്യം അഭിഭാഷകരായ കപിൽ സിബലും അർവിന്ദ് ദത്തറും ഉന്നയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന്റേതാകും.
∙ ‘കേദാർനാഥ് സിങ് കേസിൽ (1962) രാജ്യദ്രോഹ വകുപ്പ് സുപ്രീം കോടതിയുടെ തന്നെ അഞ്ചംഗ ബെഞ്ച് ശരിവച്ചിട്ടുണ്ട്. മൂന്നംഗ ബെഞ്ച് അഞ്ചംഗ ബെഞ്ചിന്റെ തീരുമാനത്തെ മറികടക്കുന്നത് ഉചിതമാകില്ല. ന്യായമായ നിയന്ത്രണവും നിയമ നിർമാണാധികാരവും രാഷ്ട്രത്തിനു നൽകുന്നതുൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുന്ന ഭരണഘടനയുടെ 19–ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണു കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തെ കോടതി പരിഗണിച്ചത്. മൗലികാവകാശം സംബന്ധിച്ച ഇടുങ്ങിയ കാഴ്ചപ്പാടാണ് ഇക്കാര്യത്തിലുണ്ടായിരുന്നത്. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം (21–ാം വകുപ്പ്), നിയമത്തിനു മുൻപിലെ തുല്യത (14–ാം വകുപ്പ്) എന്നിവയുമായി ചേർത്തു മാത്രമേ 19–ാം വകുപ്പിനെ കാണാവുവെന്നു സുപ്രീം കോടതി പിന്നീടു വിധിച്ചിട്ടുണ്ട്.’ – സുപ്രീം കോടതി
English Summary: Sedition law: larger bench will look into it