ഇന്ത്യൻ ഫുട്ബോളിൽ ജ്യോതിഷവും; ടീം തീരുമാനിക്കുന്നത് ജ്യോതിഷി!
Mail This Article
ന്യൂഡൽഹി ∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ജ്യോതിഷിയുടെ സഹായം തേടിയതായി റിപ്പോർട്ട്. കൊൽക്കത്തയിൽ ജൂൺ 8 മുതൽ 14 വരെ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ ഘട്ടത്തിൽ ഓരോ മത്സരത്തിനും മുൻപ് ഇഗോർ സ്റ്റിമാച്ച്, ഡൽഹി സ്വദേശിയായ ഭൂപേഷ് ശർമ എന്ന ജ്യോതിഷിക്കു കളിക്കാരുടെ പേരുകൾ അയച്ചു നൽകുകയും ഇവരുടെ ഗ്രഹനില പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണു വിവരം. ജൂൺ 11നു നടന്ന ഇന്ത്യ–അഫ്ഗാനിസ്ഥാൻ മത്സരത്തിനു മുൻപ് ജ്യോതിഷിയുടെ നിർദേശമനുസരിച്ചു 2 താരങ്ങളെ അന്തിമ ഇലവനിൽ നിന്ന് ഒഴിവാക്കി.
ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ഈ വിവരങ്ങളെക്കുറിച്ച് എഐഎഫ്എഫ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ജ്യോതിഷിയെ താനാണ് ഇഗോറിനു പരിചയപ്പെടുത്തിയതെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) മുൻ സെക്രട്ടറി ജനറൽ കുശാൽ ദാസ് വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം നടന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായി അസ്ട്രോളജി കമ്പനിയെ ഇന്ത്യൻ ടീമിന്റെ ഭാഗമാക്കിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സൗത്ത് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന അസ്ട്രോളജി സ്ഥാപനത്തിനു 3 മാസത്തെ കരാർ 16 ലക്ഷം രൂപയ്ക്കാണു നൽകിയിരുന്നത്. മേയ്–ജൂൺ മാസക്കാലത്ത് ഇഗോർ സ്റ്റിമാച്ചും ജ്യോതിഷിയും തുടർച്ചയായി സമ്പർക്കം പുലർത്തിയിരുന്നുവെന്നാണു പുതിയ വെളിപ്പെടുത്തൽ.
2022 മേയ് 28നു നടന്ന ജോർദാനുമായുള്ള സൗഹൃദ മത്സരത്തിനു മുൻപ് 24 അംഗ ടീമിലെ താരങ്ങളുടെ വിവരം പരിശീലകൻ പങ്കുവച്ചു. ജ്യോതിഷിയുടെ മറുപടി ലഭിച്ചതിനു പിന്നാലെ 2 താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്ക ഉയർത്തി ഇഗോർ മറുപടി നൽകി. മറ്റൊരു ഘട്ടത്തിൽ അറ്റാക്കിങ് മിഡ്ഫീൽഡർമാർക്ക് യോജിച്ച ദിവസമല്ലെന്നായിരുന്നു ഭൂപേഷ് ശർമ പരിശീലകനെ അറിയിച്ചത്. ജൂൺ 8ന് കംബോഡിയയ്ക്കെതിരായ മത്സരത്തിനു മുൻപ് 11 താരങ്ങളുടെ പട്ടിക കൈമാറിയിരുന്നു. മറ്റൊരു ഘട്ടത്തിൽ 2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ടീമിലുണ്ടായിരുന്ന 3 താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇഗോർ തേടിയത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണു ജ്യോതിഷിയെ നിയോഗിച്ചതെന്നും തങ്ങൾക്ക് ഇതെക്കുറിച്ച് അറിയില്ലെന്നുമാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിലെ ഒരംഗം വിഷയത്തോടു പ്രതികരിച്ചത്.
English Summary : Astrology in Indian Football and astrologer decides the team