ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണത്തിന് പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിക്ക് 50% നിയമസഭകളുടെയെങ്കിലും അംഗീകാരം വേണമോയെന്നതിൽ സർക്കാർ ഒൗദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പട്ടിക വിഭാഗ സംവരണം നീട്ടുന്നതു സംബന്ധിച്ച ഭരണഘടനാ ഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരം വാങ്ങിയിരുന്നുവെന്നത് പരിഗണിക്കേണ്ടതുണ്ട്.

ഭരണഘടനയുടെ 368–ാം വകുപ്പനുസരിച്ച്, സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കി അംഗീകരിക്കേണ്ടതും അങ്ങനെ അംഗീകാരം വേണ്ടത്തതുമായ ഭരണഘടനാ ഭേദഗതികളുണ്ട്. സംസ്ഥാനങ്ങൾക്ക് പാർലമെന്റിലുള്ള പ്രാതിനിധ്യം സംബന്ധിച്ച ഭരണഘടനാ ഭേദഗതികൾ നിയമസഭകളുടെ അംഗീകാരം വേണ്ടവയാണ്. 

വനിതാ സംവരണ ഭേദഗതിക്ക് നിയമസഭകളുടെ അംഗീകാരം വേണ്ടെന്ന് ചിലർ വാദിക്കുന്നു. വനിതാ സംവരണം നടപ്പാക്കുമ്പോൾ പാർലമെന്റിലെ സംസ്ഥാന പ്രതിനിധികളുടെ എണ്ണത്തിൽ മാറ്റം വരുന്നില്ലെന്നതാണ് അംഗീകാരം വേണ്ടെന്നു വാദിക്കുന്നവർ പറയുന്ന കാരണം. പാർലമെന്റിലെ ‘പ്രാതിനിധ്യം’ എന്നതിനെ എണ്ണം മാത്രമായി പരിഗണിക്കുമ്പോഴാണ് ഇങ്ങനെ വാദിക്കാവുന്നത്.

ഇവിടെ, എണ്ണത്തിന്റെ സ്വഭാവംകൂടി പരിഗണിക്കേണ്ടതുണ്ട്. ലോക്സഭയിൽ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളിൽ 33% വനിതകളായിരിക്കണമെന്നതാണ് പുതിയ ഭേദഗതിയിലുള്ള ഒരു വ്യവസ്ഥ. അതിനുള്ളിൽതന്നെ പട്ടിക വിഭാഗ വനിതാ സംവരണത്തിനും വ്യവസ്ഥയുണ്ട്. പൊതുവിലുള്ള പട്ടിക വിഭാഗ സംവരണം 10 വർഷത്തേക്കു വീതം നീട്ടിയുള്ള 95–ാം ഭേദഗതി 2010 ലും 104–ാം ഭേദഗതി 2020 ലും പ്രാബല്യത്തിലാക്കി. ഈ ഭേദഗതികൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനു മുൻപ് 50% നിയമസഭകളുടെ അംഗീകാരം വാങ്ങിയിരുന്നു. പട്ടിക വിഭാഗ സംവരണം പാർലമെന്റിലെ സംസ്ഥാന പ്രതിനിധികളുടെ എണ്ണമല്ല, സ്വഭാവം സംബന്ധിച്ച വിഷയമായിരുന്നു. സംവരണം സംബന്ധിച്ച 334–ാം വകുപ്പ് ഭേദഗതി ചെയ്താണ് കാലാവധി നീട്ടിയത്.

English Summary: Women's Reservation Bill: Should Legislatures approve the Women's Bill? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com