സുപ്രീംകോടതിയിൽ ആംഗ്യഭാഷയും; കോട്ടയം സ്വദേശിനിക്കായി ആംഗ്യഭാഷയിൽ വാദിച്ചത് അഡ്വ. സൗരവ് ചൗധരി
Mail This Article
ന്യൂഡൽഹി ∙ കേൾവിശക്തിയില്ലാത്തവർക്കു കൂടി സഹായകരമാകുംവിധം സുപ്രീം കോടതിയിലെ വാദങ്ങൾ ആദ്യമായി ആംഗ്യഭാഷയിലേക്കു തൽസമയം വ്യാഖ്യാനം ചെയ്യപ്പെട്ടു. ഇതിനു കാരണമായതാകട്ടെ, ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക എന്നു വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം സ്വദേശിനി സാറാ സണ്ണി. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കോടതിമുറിയിൽ ഒരു കേസുമായി ബന്ധപ്പെട്ടു സാറ ഓൺലൈനായി ഹാജരായിരുന്നു.
സഹഅഭിഭാഷക സഞ്ജിതയാണു സാറയും കോടതിയിലുണ്ടെന്ന കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപെടുത്തിയത്. ഇതോടെ, ഇവരുടെ കേസ് വിളിച്ചെത്തും മുൻപു തന്നെ മറ്റൊരു ലിങ്കിൽ ആംഗ്യഭാഷ വ്യാഖ്യാനം ചെയ്യാൻ അറിയാവുന്ന സൗരവ് ചൗധരി എന്ന അഭിഭാഷകനെ ദ്വിഭാഷിയായി ചീഫ് ജസ്റ്റിസ് ലഭ്യമാക്കി. ഭിന്നശേഷിക്കാരുടെ അവകാശവുമായി ബന്ധപ്പെട്ട്, സാറ ഹാജരായ 37–ാം നമ്പർ കേസിൽ നടന്ന വാദങ്ങളും നടപടികളും സൗരവ് സാറയ്ക്കു വേണ്ടി ആംഗ്യഭാഷയിൽ വ്യാഖാനിച്ചു. സാറ വെള്ളിയാഴ്ച കേസിൽ വാദം നടത്തിയില്ല. സാറയുടെ കേസിനു മുൻപു കോടതി പരിഗണിച്ച മറ്റു കേസുകളിലെ വാദപ്രതിവാദവും സൗരവ് വിശദീകരിച്ചു. ചീഫ് ജസ്റ്റിസും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സൗരവിനെ അഭിനന്ദിച്ചു.
കോടതി നടപടികൾ തത്സമയം ലഭ്യമാകുന്ന കാലത്തു ശ്രവണ–സംസാര വെല്ലുവിളികളുള്ളവർക്കായി ഇതു സ്ഥിരം സൗകര്യമാക്കുന്നതു കോടതി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണു സാറ. ബെംഗളൂരുവിൽ താമസമാക്കിയ കോട്ടയം സ്വദേശികളായ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണി കുരുവിളയുടെയും ബെറ്റിയുടെയും മകളായ സാറ നിലവിൽ ബെംഗളൂരുവിലാണു പ്രാക്ടിസ് ചെയ്യുന്നത്. ശ്രവണവെല്ലുവിളികളുള്ളവർക്കായി പ്രവർത്തിക്കുന്ന ഡൽഹിയിലെ ‘ആക്സസ് മന്ത്ര’ എന്ന സ്ഥാപനമാണ് സാറയാണ് എൻറോൾ ചെയ്ത ഏക ഡെഫ് അഡ്വക്കറ്റ് എന്നു സ്ഥിരീകരിച്ചത്. ഭിന്നശേഷി വിഷയങ്ങളിൽ നീതി ഉറപ്പാക്കാൻ ശ്രമിക്കണമെന്നാണു സാറയുടെ ആഗ്രഹം.
English Summary: Sign Language in Supreme Court