അയോധ്യ: ജനുവരി 22ന് പ്രതിഷ്ഠ നടത്താൻ ആലോചന
Mail This Article
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2024 ജനുവരി 22ന് ആയേക്കാമെന്ന് ക്ഷേത്രനിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. ജനുവരി 20നും 24നും ഇടയ്ക്ക് മൂന്നുനില ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ദിവസം തീരുമാനിക്കുക.
രാം ലല്ല വിഗ്രഹങ്ങളുടെ പ്രതിഷ്ഠയിൽ (പ്രാണ ്രപതിഷ്ഠ) പ്രധാനമന്ത്രി പങ്കെടുക്കും. എല്ലാ വർഷവും രാമനവമി ദിനത്തിൽ സൂര്യപ്രകാശം വിഗ്രഹങ്ങളിൽ പതിക്കുന്ന സംവിധാനം ക്ഷേത്രഗോപുരത്തിൽ സ്ഥാപിക്കും. ബെംഗളൂരുവിൽ ഉപകരണത്തിന്റെ നിർമാണത്തിന് ശാസ്ത്രജ്ഞർ മേൽനോട്ടം വഹിക്കുന്നുണ്ട്. റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും പുണെയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഇതിനായി പ്രത്യേക കംപ്യൂട്ടർ പ്രോഗ്രാം തയാറാക്കിയിട്ടുണ്ട്. ജനുവരി 14ന് മകരസംക്രാന്തി മുതൽ 10 ദിവസം പ്രതിഷ്ഠാദിന ചടങ്ങുകൾ ഉണ്ടാവും. 24ന് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്നാണു കരുതുന്നത്.
English Summary: Ayodhya: Consecration planned on January 22