ADVERTISEMENT

∙ഐക്യരാഷ്ട്ര സംഘടനയ്ക്കു (യുഎൻ) കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷന്റെ (എഫ്എഒ) ഭാഗമായി ബംഗ്ലദേശിലെ ധാക്കയിൽ ഞാൻ താമസിക്കുന്ന കാലത്ത് ഡോ.എം.എസ്.സ്വാമിനാഥൻ അവിടെയെത്തി. യുഎന്നിനു കീഴിലെ വിവിധ സംഘടനകളിലും സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന ഇന്ത്യൻ സുഹൃത്തുക്കളുമായി എന്റെ വീട്ടിൽ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്കുശേഷം വിശ്രമിക്കാൻ സമീപത്തെ സർക്കാർ അതിഥി മന്ദിരത്തിൽ മുറി ഏർപ്പാടാക്കിയിരുന്നു. എന്നാൽ, വിമാനത്തിനു സമയമാകുന്നതു വരെ എന്റെ വീട്ടിൽ തങ്ങാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. ‘ഉച്ചയ്ക്ക് ഊണിന് അൽപം അവിയൽ ഉണ്ടാക്കാമോ?’ എന്ന് എന്റെ ഭാര്യ ലതയെ വിളിച്ച് അദ്ദേഹം ചോദിച്ചു. 

1969 ൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎആർഐ) ഞാൻ പിഎച്ച്‌ഡിക്കു ചേർന്നപ്പോൾ ഡോ.സ്വാമിനാഥൻ അവിടെ ഡയറക്ടറായിരുന്നു. എല്ലാ ദിവസവും രാവിലെ 8 ന് മുൻപ് അദ്ദേഹം ക്യാംപസിൽ എത്തും. ഗവേഷണം നടത്തുന്ന സ്ഥലങ്ങൾ സന്ദർശിക്കും. സാധാരണക്കാരനായി എല്ലാവരോടും ഇടപെടും. 

ഡോ.സ്വാമിനാഥൻ ഫിലിപ്പീൻസിലെ മനില ആസ്ഥാനമായ ഇന്റർനാഷനൽ റൈസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐആർആർഐ) ഡയറക്ടർ ജനറലായ ശേഷം, അദ്ദേഹത്തിന്റെ താൽപര്യപ്രകാരം 1985 ൽ ഞാനും അവിടെ ചേർന്നു. അക്കാലത്ത് ഞാൻ ഹൈദരാബാദിലെ ഓൾ ഇന്ത്യ കോ–ഓർഡിനേറ്റഡ് റൈസ് ഇംപ്രൂവ്മെന്റ് പ്രോജക്ടിൽ (ഐക്രിപ്) അഗ്രോണമിസ്റ്റ് ആണ്. ടാൻസനിയയിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചറിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ റൈസ് ടെസ്റ്റിങ് പ്രോഗ്രാമിന്റെ മേഖലാ കോ ഓർഡിനേറ്റർ പദവിയിലായിരുന്നു നിയമനം.

ഡോ.കെ.ഗോപാലകൃഷ്ണ പിള്ള
ഡോ.കെ.ഗോപാലകൃഷ്ണ പിള്ള

മനിലയിലെ അദ്ദേഹത്തിന്റെ ഓഫിസിലും ക്വാർട്ടേഴ്സിലും ഞാൻ പലപ്പോഴും സന്ദർശിച്ചിട്ടുണ്ട്. ക്വാർട്ടേഴ്സിൽ ഒറ്റയ്ക്കാണ് താമസം. ‘ഇഡ്ഡലി ഉണ്ടാക്കിയിട്ടുണ്ട്, ഒപ്പം കൂടുന്നോ?’ എന്നു ചോദിച്ച് പല ദിവസങ്ങളിലും രാവിലെ അദ്ദേഹം വിളിക്കും. 2008 ൽ മ്യാൻമർ സർക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യ നിയോഗിച്ച കാർഷിക ശാസ്ത്ര സംഘത്തിൽ ഞാനും ഒപ്പം ചേരണമെന്നു ഡോ. സ്വാമിനാഥൻ ആവശ്യപ്പെട്ടു. അതാണ് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന അവസാനത്തെ ഔദ്യോഗിക പരിപാടി. 

(ധാക്കയിൽ എഫ്ഒഎ ചീഫ് ടെക്നിക്കൽ അഡ്വൈസറും ബാങ്കോക്കിൽ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള കൺസൽറ്റന്റുമായിരുന്നു ലേഖകൻ)

English Summary: Remembering Dr M.S. Swaminathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com