സൃഷ്ടിപരതയുടെ നിറവ്
Mail This Article
∙ഡോ. എം.എസ്.സ്വാമിനാഥനുമായി എനിക്ക് അരനൂറ്റാണ്ടോളം നീണ്ട സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കാർഷികശാസ്ത്ര സമൂഹത്തിലുണ്ടാക്കുന്ന ശൂന്യത വളരെ വലുതാണ്. ശാസ്ത്രീയ നവീനാശയങ്ങൾ മുതൽ വിമർശകരെ നേരിടുന്നതിലെ മിതത്വത്തിൽ വരെ അദ്ദേഹത്തിൽനിന്ന് ഒരുപാടു പഠിക്കാനുണ്ടായിരുന്നു. നിശിതരായ വിമർശകരെയും സൗമ്യമായി അഭിമുഖീകരിച്ചു. മുഖത്ത് എന്നും പ്രസന്നത പ്രകാശിച്ചുനിന്നു. കൃഷി, വിത്ത് ഗവേഷണത്തിനപ്പുറത്തേക്കു വ്യാപിച്ചുകിടക്കുന്നതാണു സ്വാമിനാഥന്റെ താൽപര്യങ്ങളും അറിവും.
ഞങ്ങൾ 1970 ലാണ് ആദ്യം കണ്ടത്. ഡൽഹിയിൽ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു സ്വാമിനാഥൻ അന്ന്. ഞാൻ ഹാർവഡ് സർവകലാശാലയിൽ ബയോളജി ലക്ചററും. എന്റെ അച്ഛൻ പ്രഫ. ഡി.ആർ.ഗാഡ്ഗിൽ വഴിയാണു ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പക്ഷേ, ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയത് 1980ലാണ്. വനം, പരിസ്ഥിതി വകുപ്പു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രൂപീകരിച്ച ഉപദേശകസമിതിയിൽ സ്വാമിനാഥനൊപ്പം ഞാനുമുണ്ടായിരുന്നു.
ആറാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി, സുസ്ഥിരവികസനത്തിൽ സ്വാമിനാഥൻ ഉപാധ്യക്ഷനായ പ്ലാനിങ് കമ്മിഷൻ 3 സുപ്രധാന പദ്ധതികളാണു മുന്നോട്ടുവച്ചത്–ഹിമാലയം, പശ്ചിമഘട്ട, ഗംഗാതട വികസനങ്ങൾ. ബെംഗളൂരുവിൽ സെന്റർ ഫോർ ഇക്കളോജിക്കൽ സയൻസസ് സ്ഥാപിക്കാൻ എന്നെ സഹായിച്ചത് ഡോ. സ്വാമിനാഥനായിരുന്നു. പശ്ചിമഘട്ട പദ്ധതിയുടെ കീഴിൽ മേഖലയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
ജൈവവൈവിധ്യ നിയമം (ബയളോജിക്കൽ ഡൈവേഴ്സിറ്റി ആക്ട്) രൂപപ്പെടുത്തുന്നതിലും ശക്തമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. ഇതിനായുള്ള സർക്കാർ സമിതിയുടെ അധ്യക്ഷൻ അദ്ദേഹമായിരുന്നു. ഞാൻ അംഗവും. പീപ്പിൾസ് ബയോഡൈവേഴ്സിറ്റി റജിസ്റ്റർ കൊണ്ടുവരണമെന്ന ശുപാർശ സമിതിയിലെ മറ്റ് അംഗങ്ങൾ എതിർത്തു. അദ്ദേഹം ശക്തമായി പിന്തുണച്ചു. ഈ റജിസ്റ്ററാണു പിന്നീടു രാജ്യത്തെ തദ്ദേശ സ്ഥാപനങ്ങൾക്കു പ്രാദേശിക ജൈവ വൈവിധ്യ സ്രോതസ്സുകളെ പരിപാലിക്കുന്നതിൽ മുഖ്യസഹായിയായി മാറിയത്. നീലഗിരിയെ ജൈവമണ്ഡലം (ബയോസ്പിയർ റിസർവ്) ആക്കാനുള്ള ശുപാർശയെ തുറന്നു പിന്തുണച്ചതും ഡോ.സ്വാമിനാഥനായിരുന്നു. ഇതു കേന്ദ്രസർക്കാർ അംഗീകരിക്കുകയും ശുപാർശ യുനെസ്കോയ്ക്കു കൈമാറുകയും ചെയ്തു. തുടർന്ന് രാജ്യത്തെ ആദ്യത്തെ ജൈവമണ്ഡലമായി നീലഗിരിയെ പ്രഖ്യാപിച്ചു.സൃഷ്ടിപരതയിലും രാജ്യത്തിനു ഗുണകരമായ സംഭാവനകളിലും സ്വാമിനാഥനോളം പോകാൻ അധികമാർക്കുമാവില്ലെന്നു ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ ആ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.
English Summary: Prof. Madhav Gadgil Remembering Dr M.S. Swaminathan