ലക്ഷക്കണക്കിന് പേരെ പട്ടിണിമരണത്തിൽനിന്ന് രക്ഷിച്ചു, രാജ്യത്തിന് ആത്മവിശ്വാസം: ഗ്രീൻ സല്യൂട്ട്
Mail This Article
മൂന്നു മദ്രാസികളാണ് ഇന്ത്യയിൽ ഹരിതവിപ്ലവം കൊണ്ടുവന്നതെന്നു പ്രസിദ്ധ പത്രപ്രവർത്തകനായ ബി.ജി.വർഗീസ് ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1. ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും കൃഷിമന്ത്രിയായിരുന്ന സി.സുബ്രഹ്മണ്യം, 2.സുബ്രഹ്മണ്യത്തിനു കീഴിൽ കൃഷിവകുപ്പു സെക്രട്ടറിയായിരുന്ന ബി.ശിവരാമൻ, 3. ഇന്നലെ അന്തരിച്ച കൃഷിശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ.
വിഭജനവും കൂട്ടക്കൊലയുമായി സ്വാതന്ത്ര്യത്തിലേക്കു പിറന്ന ഇന്ത്യ പട്ടിണിമരണങ്ങൾ നേരിട്ടുകൊണ്ടാണു ബാല്യകാലം കഴിഞ്ഞത്. 1962ൽ ചൈനീസ് ആക്രമണംകൂടി കഴിഞ്ഞതോടെ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതിചെയ്യാനുള്ള പണം പോലുമില്ലെന്ന നിലയിലായി. വൻശക്തികൾ സഹായവിലയ്ക്കു നൽകുന്ന ധാന്യമായി പ്രധാന ആശ്രയം.
മെക്സിക്കോയിലെ നോർമൻ ബോർലോഗ് എന്ന ശാസ്ത്രജ്ഞൻ അധികവിളവു നൽകുന്ന ഗോതമ്പു വിത്ത് വികസിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞ സുബ്രഹ്മണ്യം അത് വാങ്ങിനോക്കാൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയോട് അഭ്യർഥിച്ചു. അതിനകം കൃഷിവികസനം ലക്ഷ്യമാക്കി സമർഥന്മാരായ ഉദ്യോഗസ്ഥരെ സുബ്രഹ്മണ്യം നോട്ടമിട്ടിരുന്നു. അവരിൽ പ്രധാനിയായിരുന്നു ഒഡീഷയിൽ കൃഷിവകുപ്പു കൈകാര്യം ചെയ്തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവരാമൻ. മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ എതിർപ്പു വകവയ്ക്കാതെ അദ്ദേഹത്തെ കേന്ദ്രത്തിലേക്കു വലിച്ചു.
ഗോതമ്പുതന്നെ വാങ്ങാൻ കാശില്ലാതിരുന്ന കാലത്ത് ഗോതമ്പു വിത്ത് വാങ്ങണോ – അതായി ശാസ്ത്രിയുടെ സംശയം. അതിനു മറുപടി നൽകാൻ സുബ്രഹ്മണ്യത്തിനു വിദഗ്ധോപദേശം നൽകിയതു ശിവരാമനും ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായിരുന്ന സ്വാമിനാഥനുമായിരുന്നു. മൂവരുടെയും സമ്മർദത്തിനു വഴങ്ങി 250 ടൺ ഗോതമ്പ് വിത്തു വാങ്ങാൻ ശാസ്ത്രി സമ്മതിച്ചു.
സ്വാമിനാഥന്റെ നേതൃത്വത്തിൽ ഓരോ ഹെക്ടർ വീതമുള്ള 150 പ്ലോട്ടുകളിൽ അതു പരീക്ഷണാർഥം വിതച്ച് വളർത്തിയെടുത്തതു വിജയമായെങ്കിലും 2 പ്രശ്നങ്ങൾ ഉയർന്നു – 1. ഇത് ഇന്ത്യൻ കാലാവസ്ഥയിൽ വിജയകരമാകുമോ? 2. പരമ്പരാഗത കൃഷിരീതികൾ പാലിച്ചുപോന്ന കർഷകരെ ഇതെക്കുറിച്ച് എങ്ങനെ ബോധവാന്മാരാക്കും? മെക്സിക്കൻ വിത്തുകളെ ഇന്ത്യൻ കാലാവസ്ഥയ്ക്കിണങ്ങുന്നവയാക്കി മാറ്റാനുള്ള ഗവേഷണം സ്വാമിനാഥൻ നയിച്ചപ്പോൾ, കർഷകരെ ബോധവാന്മാരാക്കാനുള്ള പദ്ധതി ശിവരാമൻ തയാറാക്കി.
അപ്പോഴാണു പാക്കിസ്ഥാനുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധകാലത്തു കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനിടയിൽ വിത്തിന്റെ കാര്യം എല്ലാവരും മറന്നു. 40 ലക്ഷം ടൺ ഗോതമ്പാണ് ആ കൊല്ലങ്ങളിൽ അമേരിക്കയിൽനിന്ന് ഫുഡ് എയ്ഡ് ആയി സഹായവിലയ്ക്ക് ഇറക്കുമതി ചെയ്തിരുന്നത്.
1966 പിറന്നത് മറ്റൊരു ദുരന്തവുമായായിരുന്നു. സോവിയറ്റ് മധ്യസ്ഥതയിൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്കുപോയ ശാസ്ത്രി താഷ്കെന്റിൽവച്ച് അന്തരിച്ചു. തുടർന്നു പ്രധാനമന്ത്രിയായി എത്തിയ ഇന്ദിരയാവട്ടെ ഭക്ഷണത്തിനുള്ള ഗോതമ്പ് വാങ്ങിയിട്ടുമതി വിത്തിനുള്ള ഗോതമ്പെന്ന നയത്തിലായിരുന്നു. അധികാരത്തിലെത്തി ആഴ്ചകൾക്കുള്ളിൽ ഇന്ദിര അമേരിക്കയിലേക്കു യാത്രയായി.
അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇന്ത്യയെ പക്ഷത്താക്കാൻ ഇരുവരും ശ്രമിക്കുകയായിരുന്നു. മുൻപുതന്നെ തങ്ങളുടെ സൈനികസഖ്യങ്ങളിൽ അംഗമായിരുന്ന പാക്കിസ്ഥാനു നൽകിയിരുന്നപോലെ ആയുധങ്ങളും വേണ്ടത്ര ഗോതമ്പും സഹായവിലയ്ക്കു നൽകാൻ പ്രസിഡന്റ് ലിൻഡൻ ജോൺസൺ തയാറായി. അതുവരെ അമേരിക്കയുടെ വിയറ്റ്നാം ഇടപെടലിനെ വിമർശിച്ചിരുന്ന ഇന്ദിര, അമേരിക്കയുടെ വിയറ്റ്നാമിലെ വിഷമം മനസ്സിലാക്കുന്നുവെന്നുകൂടി പറഞ്ഞതോടെ ജോൺസണു സന്തോഷമായി. വേണ്ടത്ര ഗോതമ്പ് നൽകാൻ അദ്ദേഹവും തയാറായി.
എന്നാൽ, ഗോതമ്പിൽ രാഷ്ട്രീയസമ്മർദത്തിന്റെ ‘ചരടുകൾ’ ഉണ്ടാകുമെന്നു ബോധ്യമായ ഇന്ദിര നേരിട്ട് ഇന്ത്യയിലേക്കു മടങ്ങാതെ വിമാനം മോസ്കോയിലേക്കു തിരിച്ചുവിട്ടു. കാര്യമായ സഹായത്തിനൊന്നും സോവിയറ്റ് യൂണിയനും തയാറായില്ലെങ്കിലും അമേരിക്കൻ യാത്രയുടെ ഉദ്ദേശ്യം സോവിയറ്റ് നേതാക്കൾക്കു വിശദീകരിച്ചുകൊടുക്കാൻ ഇന്ദിരയ്ക്കു സാധിച്ചു.
തിരിച്ചെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും ഗോതമ്പു വരാത്തതോടെ ജോൺസൺ മനഃപൂർവം വച്ചുതാമസിപ്പിക്കയാണെന്ന് ഇന്ദിരയ്ക്കു ബോധ്യമായി. താമസിയാതെ ഇന്ത്യൻ കാർഷികരംഗത്തു കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചു ചില ഉപാധികൾ യുഎസ് ഭരണകൂടം നിർദേശിച്ചുതുടങ്ങി. ഇവയടങ്ങുന്ന രേഖകളിൽ ചിലത് ഇന്ത്യൻ ഗവൺമെന്റിനു കൈമാറാൻ നെഹ്റുവിന്റെയും ഇന്ദിരയുടെയും സുഹൃത്തായിരുന്ന യുഎസ് അംബാസഡർ ചെസ്റ്റർ ബൗൾസിനുപോലും മടിയായിരുന്നു.
ജോൺസൺ സമ്മർദക്കളി നടത്തുകയാണെന്നു ബോധ്യമായതോടെ ഇന്ദിര വീണ്ടും ഗോതമ്പിനു പകരം ഗോതമ്പു വിത്ത് അന്വേഷിച്ചു തുടങ്ങി. അതിനകം മെക്സിക്കൻ വിത്തുകളും ജാപ്പനീസ് വിത്തുകളും ചേർത്തു സങ്കരയിനങ്ങൾ തയാറാക്കിത്തുടങ്ങിയിരുന്ന സ്വാമിനാഥനും കൃഷിവകുപ്പ് സെക്രട്ടറിയായി എത്തിയിരുന്ന ബി.ശിവരാമനും ചേർന്ന് അവ രാജ്യത്തു വിപുലമായി കൃഷിചെയ്യുന്നതു സംബന്ധിച്ച് രൂപരേഖ തീർത്തു. അവ നടപ്പാക്കാൻ വേണ്ട രാഷ്ട്രീയ മാർഗരേഖയുമായി സുബ്രഹ്മണ്യവും തയാറായി – കർഷകർക്കു വിത്തും വളവും വാങ്ങാൻ സഹായവും സംവിധാനങ്ങളും, പുതിയ ജലസേചനപദ്ധതികൾ, ശാസ്ത്രീയകൃഷിമാർഗങ്ങൾ കർഷകരുടെയിടയിൽ പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയവ. ഇതോടെ ഹരിതവിപ്ലവത്തിന്റെ വിത്തു വിതച്ചെന്നു പറയാം.
1967 ലെ രണ്ടാം കൃഷിയിൽ 1.2 കോടി ടൺ ഗോതമ്പ് വിളയിച്ച ഇന്ത്യയിൽ 1968 ലെ ആദ്യവിളവിൽതന്നെ അത് 1.7 കോടി ടണ്ണായി. 1971 ഡിസംബറിലെ ഇന്ത്യ–പാക്ക് യുദ്ധത്തിനു മുൻപുതന്നെ ഭക്ഷ്യധാന്യങ്ങളിൽ ഇന്ത്യ സ്വയം പര്യാപ്തത പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. ഇനിയൊരിക്കലും ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ ഭക്ഷണത്തിനു സഹായാഭ്യർഥനയുമായി എത്തില്ലെന്നു പ്രഖ്യാപിച്ച ഇന്ദിരയുടെ മുന്നിൽ യുദ്ധവിജയം കഴിഞ്ഞ് 3 മാസത്തിനുശേഷം വെല്ലുവിളി ഉയർന്നു – വിളവിൽ ചെറിയൊരു ഇടിവ്. എങ്കിലും സഹായവിലയ്ക്കു ധാന്യം ഇറക്കുമതി ചെയ്യാൻ ഇന്ദിര സമ്മതിച്ചില്ല. കൈവശമുള്ള വിദേശനാണ്യശേഖരമുപയോഗിച്ചു കമ്പോളവിലയ്ക്കു ധാന്യം ഇറക്കുമതി ചെയ്ത് അവർ ഇന്ത്യയുടെ മുഖം രക്ഷിച്ചു.
ഹരിതവിപ്ലവത്തിന്റെ ഊന്നൽ ഗോതമ്പിൽ മാത്രമായിരുന്നു, വൻവിളവു നൽകുന്ന ഇനങ്ങളുടെ പ്രചാരത്തോടെ നാട്ടുവിത്തിനങ്ങൾ നശിച്ചുപോയി, രാസവളത്തിന്റെയും കീടനാശിനികളുടെയും അമിതോപയോഗത്തിൽ മണ്ണ് വിഷഭൂമിയായി മാറി തുടങ്ങി അനവധി ആരോപണങ്ങൾ ഇന്നുയരുന്നുണ്ട്. പക്ഷേ, ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പട്ടിണിമരണത്തിൽനിന്നു രക്ഷിച്ചതും ലോകശാക്തികരംഗത്തു സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയും ആത്മവിശ്വാസവും ദേശീയനേതൃത്വത്തിനു നൽകിയതും സുബ്രഹ്മണ്യവും ശിവരാമനും സ്വാമിനാഥനും ചേർന്നു നയിച്ച ഹരിതവിപ്ലവമായിരുന്നെന്നു നിസ്സംശയം പറയാം.
തേടിയെത്തി പുരസ്കാരങ്ങൾ
∙ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് –1961
∙ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ
ബീർബൽ സാഹ്നി മെഡൽ– 1966
∙ലോകമാന്യ തിലക് അവാർഡ്– 2001
∙മിലേനിയം അവാർഡ് (ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ) – 2001
∙സ്ത്രീശാക്തീകരണ നടപടികളുടെ പേരിൽ അമേരിക്കയിലെ സ്ത്രീ വികസന സമിതിയുടെ പ്രഥമ പുരസ്കാരം– 1985
∙റമോൺ മഗ്സസെ അവാർഡ് –1971
∙ആൽബർട്ട് ഐൻസ്റ്റൈൻ ലോക ശാസ്ത്ര അവാർഡ്– 1986
∙ലോകഭക്ഷ്യസമ്മാനം– 1987
∙പരിസ്ഥിതി സംരക്ഷണത്തിനുള്ള ടെയ്‌ലർ അവാർഡ് (1991)
∙യുഎൻഇപി പരിസ്ഥിതി സമ്മാനം (1994)
∙വോൾവോ പരിസ്ഥിതി അവാർഡ് (1999)
∙ടോക്കിയോ ഹോണ്ടാ ഫൗണ്ടേഷന്റെ ഹോണ്ട പ്രൈസ് (1991)
∙ചാൾസ് ഡാർവിൻ രാജ്യാന്തര ശാസ്ത്ര പരിസ്ഥിതി മെഡൽ (1993)
∙ആഗോള പരിസ്ഥിതി നേതൃത്വ പുരസ്കാരം
(വാഷിങ്ടൻ ഡിസി കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട്)–1994
∙പരിസ്ഥിതിയും വികസനവും സംബന്ധിച്ച രാജ്യാന്തര
അവാർഡ് (ചൈന–1997)
∙യുനെസ്കോ മഹാത്മാഗാന്ധി പുരസ്കാരം (2000)
∙ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് ഫോർ ഫ്രീഡംസ് മെഡൽ (2000)
∙ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ പുരസ്കാരം (2007)
∙പത്മശ്രീ (1967), പത്മഭൂഷൺ (1972) ,പത്മവിഭൂഷൺ (1989)
∙ഇന്ദിരാഗാന്ധി സമാധാന സമ്മാനം (2000)
∙ദേശിയോദ്ഗ്രഥനത്തിനുള്ള
ഇന്ദിരാഗാന്ധി അവാർഡ്– 2013
∙എൻഡിടിവി ലിവിങ് ലെജൻഡ് അവാർഡ്– 2013
English Summary: Remembering Dr M.S. Swaminathan