എല്ലാ വീട്ടിലും ഒരാൾക്ക് ജോലി ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
Mail This Article
ഭോപാൽ ∙ മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിച്ചെന്ന കോൺഗ്രസിന്റെ ആരോപണം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സംസ്ഥാനത്ത് നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
സർക്കാർ ജോലിയോ സ്വയം സഹായ സംഘങ്ങൾ, ഉദയം ക്രാന്തി യോജന എന്നിവ വഴിയോ കുടുംബത്തിൽ ഒരാളിന് ജോലി ഉറപ്പാക്കുമെന്നും തൊഴിൽ തേടി സംസ്ഥാനം വിടേണ്ട അവസ്ഥയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അലിരാജ്പുർ ജില്ലയിലെ പാർട്ടി റാലിയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള പ്രസ്താവന മാത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാൻ കെ.കെ. മിശ്ര പറഞ്ഞു. കഴിഞ്ഞ 18 വർഷം ചെയ്യാൻ കഴിയാത്ത കാര്യം ഇനി ചെയ്യുന്നതെങ്ങനെ എന്ന് കോൺഗ്രസ് ചോദിച്ചു.
English Summary: Madhya Pradesh Chief Minister Shivraj Singh Chouhan says will ensure employment for one person in every household