ഇന്ത്യൻ യുവതിയുടെ മരണത്തിൽ പരിഹാസം: പൊലീസ് ഓഫിസറെ മാറ്റി
Mail This Article
വാഷിങ്ടൻ ∙ അമിതവേഗത്തിൽ പാഞ്ഞ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുല (23) മരിച്ചതിനെപ്പറ്റി പരിഹാസത്തോടെ സംസാരിച്ച ട്രാഫിക് പൊലീസ് ഓഫിസറെ പട്രോളിങ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. സിയാറ്റിൽ പൊലീസ് ഓഫിസേഴ്സ് ഗിൽഡ് വൈസ് പ്രസിഡന്റ് കൂടിയായ ഡാനിയൽ ഓഡറർക്കെതിരെയാണു ശമ്പളം തടഞ്ഞുവച്ചുള്ള ശിക്ഷാനടപടി.
സംഭവത്തിൽ പ്രതിഷേധിച്ചും വിശദ അന്വേഷണം ആവശ്യപ്പെട്ടും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും യുഎസിലെ ഇന്ത്യൻ സമൂഹവും രംഗത്തെത്തിയതിനെ തുടർന്നാണിത്. ആന്ധ്ര സ്വദേശിയും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ ക്യാംപസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയുമായിരുന്ന ജാഹ്നവി കഴിഞ്ഞ ജനുവരി 23നാണു തെരുവു കുറുകെ കടക്കുമ്പോൾ പൊലീസ് വാഹനമിടിച്ചു മരിച്ചത്.
അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഓഡറർ ഗിൽഡ് പ്രസിഡന്റിനെ ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖ ഈ മാസം ആദ്യം പുറത്തായതാണു വിവാദത്തിന്റെ തുടക്കം. വിദ്യാർഥിനി മരിച്ചെന്നു പറഞ്ഞു പൊട്ടിച്ചിരിച്ച ഓഡറർ, വണ്ടിയോടിച്ച പൊലീസുകാരൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കൂടാതെ, വിദ്യാർഥിനിയായതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ലെന്നും 11,000 ഡോളറിന്റെ ചെക്കു കൊടുത്ത് നിയമനടപടിളെല്ലാം ഒതുക്കാവുന്നതേയുള്ളൂവെന്നും പറയുന്നതു കേൾക്കാമായിരുന്നു.
English Summary: Police officer replaced for joking in Indian woman's death