പൈലറ്റുമാർക്ക് ആൽക്കഹോൾ അംശമുള്ള പെർഫ്യൂമും മൗത്ത്വാഷും വിലക്കിയേക്കും
Mail This Article
ന്യൂഡൽഹി ∙ വിമാന പൈലറ്റുമാരും കാബിൻ ക്രൂവും ആൽക്കഹോൾ അംശമുള്ള പെർഫ്യൂം, മൗത്ത്‌വാഷ് എന്നിവ ഉപയോഗിക്കുന്നതു വിലക്കുന്ന കാര്യം വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) പരിഗണനയിൽ. വിമാനയാത്രയ്ക്കു മുൻപു പൈലറ്റുമാരടക്കം വിധേയമാകേണ്ട ശ്വാസപരിശോധനയിൽ പാലിക്കേണ്ട ചട്ടങ്ങളിൽ ഇതുൾപ്പെടുത്തുന്നതാണു പരിഗണിക്കുന്നത്. ചട്ടങ്ങൾ സംബന്ധിച്ച കരടുരേഖയ്ക്ക് ഡിജിസിഎ രൂപം നൽകി.
ഡ്യൂട്ടിക്കു കയറുന്ന പൈലറ്റുമാരും കാബിൻ ക്രൂവും ആദ്യ സർവീസിനു മുൻപു ശ്വാസപരിശോധനയ്ക്കു വിധേയരാകണം. അതിനു തയാറാകാത്തവരെ വിമാനം ലാൻഡ് ചെയ്തയുടൻ ജോലിയിൽനിന്നു മാറ്റിനിർത്തണം. വിമാനക്കമ്പനി അധികൃതർ അക്കാര്യം ഡിജിസിഎയെ അറിയിക്കണം. പുറപ്പെടുന്ന വിമാനത്താവളത്തിൽ ശ്വാസപരിശോധനാ സംവിധാനമില്ലെങ്കിൽ വിമാനം ലാൻഡ് ചെയ്തയുടൻ പരിശോധന നടത്തണമെന്നും കരടുരേഖയിലുണ്ട്.
English Summary : DGCA to ban using perfume with alcohol content