ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ 2 സർക്കാർ ആശുപത്രികളിൽ 3 ദിവസത്തിനിടെ നവജാതശിശുക്കൾ ഉൾപ്പെടെ 49 പേർ മരിച്ചു. നാന്ദേഡ്, ഒൗറംഗാബാദ് (സംഭാജിനഗർ) ജില്ലകളിലെ മെഡിക്കൽ കോളജുകളിലാണ് മരുന്നും പരിചരണവും ലഭിക്കാതെ രോഗികളുടെ കൂട്ടമരണമുണ്ടായത്. ഉൾക്കൊള്ളാവുന്നതിലേറെ രോഗികളെ പ്രവേശിപ്പിച്ചതും മരണത്തിനു കാരണമായെന്നാണു സൂചന.

നാന്ദേഡ് ശങ്കർ റാവു ചവാൻ സർക്കാർ മെഡിക്കൽ കോളജിൽ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ 12 കുട്ടികളടക്കം 24 പേരാണു മരിച്ചത്. ഇന്നലെ 4 കുട്ടികളടക്കം 7 പേർ കൂടി മരിച്ചതോടെ ആകെ മരണം 31 ആയി. എഴുപതിലേറെപ്പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഒൗറംഗാബാദിലെ സർക്കാർ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു. മാസം തികയാതെ പ്രസവിച്ച 2 കുട്ടികൾ ഉൾപ്പെടെയാണിത്.

ഹൃദ്രോഗികളും ന്യുമോണിയ ബാധിതരും ഹൃദയം, വൃക്ക, കരൾ രോഗികളുമാണു മരിച്ചവരിലേറെയും. പാമ്പുകടിയേറ്റും അപകടത്തിൽപെട്ടും ചികിത്സ േതടിയവരും ജീവൻ നഷ്ടപ്പെട്ടവരിലുൾപ്പെടുന്നു. താലൂക്ക്, ജില്ലാ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും നിന്നു വിദഗ്ധ ചികിത്സ തേടിയെത്തിവരാണ് മരിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റിൽ താനെ കൽവ ശിവാജി ആശുപത്രിയിൽ 18 പേർ മരിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു.

1177 കിടക്കകളുള്ള ഒൗറംഗാബാദിലെ ആശുപത്രിയിൽ 1600 പേരെയും 500 കിടക്കകളുള്ള നാന്ദേഡ് ആശുപത്രിയിൽ 1200 പേരെയും പ്രവേശിപ്പിച്ചെന്നു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ ആരോപിച്ചു. പ്രചാരണങ്ങൾക്കു കോടികൾ ചെലവഴിക്കുന്ന ബിജെപി സർക്കാർ പാവങ്ങളുടെ ജീവന് വില കൽപിക്കുന്നില്ലെന്നു കോൺഗ്രസ് നേതാവു രാഹുൽ ഗാന്ധി ആരോപിച്ചു.

എംപി നിർദേശിച്ചു: ആശുപത്രി ശുചിമുറി വൃത്തിയാക്കി ഡോക്ടർ! 

മുംബൈ ∙ നാന്ദേഡിൽ 31 പേർ മരിച്ച മെഡിക്കൽ കോളജിലെ ആക്ടിങ് ഡീനായ ഡോക്ടറെക്കൊണ്ട് ശിവസേനാ (ഷിൻഡെ വിഭാഗം) എംപി ഹേമന്ദ് പാട്ടീൽ ആശുപത്രിയിലെ‍ ശുചിമുറി വൃത്തിയാക്കിച്ചു. നാന്ദേഡിനു തൊട്ടടുത്ത ഹിൻഗോളിയിൽ നിന്നുള്ള എംപിയായ പാട്ടീൽ ദുരന്തമറിഞ്ഞാണ് ആശുപത്രിയിലെത്തിയത്.

English Summary: 49 patients died in Maharashtra due to lack of medicine and care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com