മദ്യനയം: ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ് അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും. ഡൽഹി നോർത്ത് അവന്യുവിലെ ഔദ്യോഗിക വസതിയിൽ രാവിലെ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് 10 മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പ്രവർത്തകർ വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസിനു നേരെ ചിലർ കസേര വലിച്ചെറിഞ്ഞു. ബലംപ്രയോഗിച്ച് പ്രവർത്തകരെ നീക്കിയാണ് വാഹനത്തിനു വഴിയൊരുക്കിയത്. റെയ്ഡിനിടെ സഞ്ജയ് സിങ്ങിന്റെ പിതാവ് ദിനേശ് സിങ് മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞ ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബലംപ്രയോഗിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
മദ്യനയത്തിന്റെ മറവിൽ എഎപിക്കു ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് ഉപയോഗപ്പെടുത്തിയെന്നാണ് ഇഡിയുടെ ആരോപണം. അറസ്റ്റിനു മുൻപ് റെക്കോർഡ് ചെയ്ത വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഞ്ജയ് സിങ് രൂക്ഷമായി വിമർശിച്ചു. അദാനിക്കെതിരെ നിലപാടെടുത്തതിനാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് എഎപി കുറ്റപ്പെടുത്തി.
English Summary: ED Arrest's AAP's Rajya Sabha MP Sanjay Singh In Delhi Liquor Policy Case