സിക്കിമിൽ മിന്നൽപ്രളയം, ഡാം തകർന്നു; 82 പേർ ഒഴുകിപ്പോയി
Mail This Article
ന്യൂഡൽഹി ∙ മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയം സംഹാരതാണ്ഡവമാടിയ സിക്കിമിൽ 22 സൈനികരടക്കം 82 പേർ പ്രളയത്തിൽ ഒലിച്ചുപോയി. 14 മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരു സൈനികനെ രക്ഷിച്ചു. കാണാതായവരുടെ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല.
സൈനികക്യാംപും സൈനികവാഹനങ്ങളും പ്രളയത്തിൽ മുങ്ങി. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലം വടക്കൻ സിക്കിമിലെ ചുങ്താം ഡാമും ജലവൈദ്യുതിനിലയവും തകർത്തു. സിക്കിമിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത പലയിടങ്ങളിലും ഒലിച്ചുപോയതോടെ, സംസ്ഥാനവുമായി കരമാർഗമുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു. ഗാങ്ടോക്കിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇന്ദ്രേനി പാലം അടക്കം 14 പാലങ്ങളും തകർന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മലയാളികളടക്കം മൂവായിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. 36 വിദേശികളും കുടുങ്ങിയിട്ടുണ്ട്. കരസേന, ദേശീയ ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. കാണാതായവരുടെ എണ്ണം 102 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വടക്കൻ സിക്കിമിലെ മംഗനിലുള്ള ലൊനക് നദീ മേഖലയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു മേഘസ്ഫോടനമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രദേശത്തു വ്യാപകമഴയുണ്ടായിരുന്നു. ലൊനകിൽനിന്നു ടീസ്റ്റയിലേക്കു വെള്ളമൊഴുകിയതോടെ, ചുങ്താം ഡാം തുറന്നു. ഇതാണു പ്രളയത്തിനു കാരണമായത്. വെള്ളം കുത്തിയൊലിച്ചതോടെ ഡാം പിന്നീട് ഭാഗികമായി തകർന്നു. മണിക്കൂറുകൾക്കുള്ളിൽ 15 – 20 അടി വരെ ജലനിരപ്പുയർന്നതോടെ കരയിലുള്ളതെല്ലാം തകർത്തെറിഞ്ഞു ടീസ്റ്റ നദി കുത്തിയൊഴുകി.
തലസ്ഥാനമായ ഗാങ്ടോകിൽനിന്നു 30 കിലോമീറ്റർ അകലെയുള്ള പാക്യോങ് സേനാ ക്യാംപിലെ സൈനികരാണ് ഒഴുക്കിൽപെട്ടത്. ഉത്തര ബംഗാളിലും സിക്കിമിലുമുള്ള മറ്റു സൈനികർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. മംഗൻ, പാക്യോങ്, ഗാങ്ടോക്, നാംചി ജില്ലകളിൽ വ്യാപക നാശമുണ്ടായി. ദിക്ചു, റങ്പോ, സിങ്തം നദികളും കരകവിഞ്ഞു. വടക്കൻ സിക്കിമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ലാച്ചുങ്, ചുങ്താങ്, ഗുർദോങ്മർ എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. വാർത്താവിനിമയസംവിധാനങ്ങൾ തകരാറിലായതു രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
മംഗൻ, നാംചി ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴ പ്രവചിച്ച കാലാവസ്ഥാകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങിനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി വിലയിരുത്തി. വടക്കൻ സിക്കിമിൽ 4 മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ മിന്നൽപ്രളയമാണിത്. കഴിഞ്ഞ ജൂണിലെ പ്രളയത്തിലും വ്യാപകനാശമുണ്ടായി.
ബംഗാളിൽ 1000 പേരെ ഒഴിപ്പിച്ചു
പ്രളയഭീതിയുടെ പശ്ചാത്തലത്തിൽ ബംഗാളിലെ ജൽപായ്ഗുഡി, കലിംപോങ്, ഡാർജിലിങ് ജില്ലകളിൽ ആയിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റിയതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
English Summary: Flood in Sikkim, dam collapses