കർദിനാൾ ടെലസ്ഫോർ ടോപ്പോ കാലംചെയ്തു
Mail This Article
റാഞ്ചി (ജാർഖണ്ഡ്) ∙ റാഞ്ചി അതിരൂപതയുടെ ആർച്ച്ബിഷപ് ഇമെരിറ്റസ് കർദിനാൾ ടെലസ്ഫോർ പ്ലാസിഡസ് ടോപ്പോ (84) കാലം ചെയ്തു. ഏഷ്യയിൽ ഗോത്രവിഭാഗത്തിൽ നിന്ന് കർദിനാൾ പദവിയിലെത്തിയ ഏക വ്യക്തിയാണ്. സംസ്കാരം പിന്നീട്. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ), കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) എന്നിവയുടെ അധ്യക്ഷ പദവി വഹിച്ചിട്ടുള്ള കർദിനാൾ ടോപ്പോ, 2003 ഒക്ടോബർ 21നാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെയും ഫ്രാൻസിസ് മാർപാപ്പയെയും തിരഞ്ഞെടുത്ത കർദിനാൾ സംഘത്തിൽ അംഗമായിരുന്നു. റാഞ്ചി അതിരൂപത അധ്യക്ഷസ്ഥാനത്തു നിന്ന് 2018 ജൂണിലാണ് വിരമിച്ചത്.
അംബ്രോസ് ടോപ്പോയുടെയും സോഫിയയുടെയും മകനായി 1939 ഒക്ടോബർ 15ന് ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ജാർഗാവിലാണ് (നേരത്തേ ബിഹാറിലുൾപ്പെട്ട സ്ഥലം) കർദിനാൾ ടോപ്പോ ജനിച്ചത്. റാഞ്ചി സർവകലാശാലയിലും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവകലാശാലയിലും ഉന്നതപഠനം നടത്തി. 1969 ൽ വൈദികപട്ടം സ്വീകരിച്ചു. 1968 ൽ ധുംക രൂപതയുടെ ബിഷപ്പായി നിയമിതനായി. 1985 ലാണ് റാഞ്ചി അതിരൂപതയുടെ അധ്യക്ഷനാവുന്നത്.
വത്തിക്കാനിലെ സാമ്പത്തികകാര്യങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കർദിനാൾമാരുടെ സമിതിയിൽ അംഗമായിരുന്നു; 2016ൽ ശ്രീലങ്കയിൽ നടന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് പ്ലീനറി അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയും. കർദിനാൾ ടോപ്പോയ്ക്ക് സാമൂഹിക സേവനത്തിന് 2002 ൽ ജാർഖണ്ഡ് രത്ന പുരസ്കാരം ലഭിച്ചു.
English Summary : Cardinal Telesphore Placidus Toppo passes away