കോൺഗ്രസിനെ 4 മാസം കാത്തിരുന്നു; ഇനി ഒറ്റയ്ക്കെന്ന് ഷർമിള
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസിന്റെ തീരുമാനത്തിനു വേണ്ടി 4 മാസം കാത്തിരുന്നിട്ടും മറുപടി കിട്ടാത്ത പശ്ചാത്തലത്തിൽ തെലങ്കാനയിലെ മുഴുവൻ സീറ്റിലും (119) സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ്.ഷർമിള പ്രഖ്യാപിച്ചു. ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളായ ഷർമിള പലൈർ മണ്ഡലത്തിൽ മത്സരിച്ചേക്കും. ഭർത്താവ് അനിൽ കുമാറും അമ്മ വിജയമ്മയും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനയും ഷർമിള നൽകി.
കോൺഗ്രസിൽ ലയിക്കാനോ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനോ ഉള്ള സന്നദ്ധത അറിയിച്ചിട്ടും നേതൃത്വത്തിൽനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ബിആർഎസ് നേതാവ് കെ.ചന്ദ്രശേഖര റാവുവിന്റെ സർക്കാരിനെതിരായ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകരുതെന്നതു കൊണ്ടുകൂടിയാണു കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിച്ചത്. ഇനി സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിനു ഞങ്ങളെ പഴിചാരരുത് – ഷർമിള പറഞ്ഞു.
കോൺഗ്രസുമായുള്ള ലയന ചർച്ച അന്തിമ ഘട്ടത്തിൽ എത്തുകയും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ഷർമിള കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ദേശീയ നേതൃത്വത്തിനു താൽപര്യമുണ്ടായിരുന്നെങ്കിലും ഷർമിള കോൺഗ്രസിനു വേണ്ടി ആന്ധ്രയിൽ പ്രവർത്തിക്കട്ടെ എന്നായിരുന്നു തെലങ്കാന നേതൃത്വത്തിന്റെ നിലപാട്.