ADVERTISEMENT

ന്യൂഡൽഹി ∙ ഭരണവിരുദ്ധ വികാരം നേരിടുന്ന രാജസ്ഥാനിൽ ‘വസുന്ധര ഫാക്ടർ’ സഹായിക്കുമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ബിജെപി തഴഞ്ഞാൽ അവർക്കൊപ്പമുള്ള പക്ഷം രഹസ്യമായി തങ്ങളെ സഹായിക്കാനുള്ള സാധ്യതയാണു കോൺഗ്രസ് മുന്നിൽക്കാണുന്നത്. പുറമേ രാഷ്ട്രീയ എതിരാളികളെങ്കിലും വസുന്ധരയും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിൽ അണിയറയിൽ ഊഷ്മള ബന്ധമുണ്ട്. തന്നെ തഴയാൻ ബിജെപി കേന്ദ്ര നേതൃത്വം തുനിഞ്ഞാൽ അതിനുള്ള മറുപടിയായി ഗെലോട്ടിനെ രഹസ്യമായി സഹായിക്കാൻ വസുന്ധര തയാറായേക്കും. 

ബിജെപി അവഗണിച്ചാൽ വസുന്ധര കോൺഗ്രസിലെത്താനുള്ള സാധ്യത നിലവിൽ കാണുന്നില്ലെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം അവർ ഗെലോട്ടിനെ പിന്തുണയ്ക്കുന്ന സാഹചര്യം തള്ളിക്കളയാനാവില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ബിജെപിയുടെ സമീപനത്തിൽ വസുന്ധര കടുത്ത അതൃപ്തിയിലാണെന്നു കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഗെലോട്ട് അറിയിച്ചിട്ടുണ്ട്. ഗെലോട്ടും വസുന്ധരയും തമ്മിലുള്ള രഹസ്യധാരണ നന്നായി അറിയാവുന്ന സച്ചിൻ പൈലറ്റ് പക്ഷം സംസ്ഥാന രാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. മുൻപ് കോൺഗ്രസിനെതിരെ സച്ചിൻ കലാപക്കൊടി ഉയർത്തിയപ്പോൾ സർക്കാർ വീഴാതിരിക്കാൻ വസുന്ധരയുടെ രഹസ്യസഹായം ഗെലോട്ട് തേടിയിരുന്നു. 

മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു നാലാം പട്ടികയിൽ സ്ഥാനാർഥിത്വം നൽകിയതു പോലെ രാജസ്ഥാനിൽ അവസാനനിമിഷം വസുന്ധര ബിജെപി പട്ടികയിൽ ഇടംപിടിക്കുമെന്നാണു സൂചന. അതു സംഭവിച്ചില്ലെങ്കിൽ വസുന്ധര തങ്ങൾക്കനുകൂലമായ നിലപാടിലേക്കു നീങ്ങുമെന്നു കോൺഗ്രസും ഗെലോട്ടും കണക്കുകൂട്ടുന്നു. 

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു പാർട്ടി നേതൃത്വത്തിനു നൽകിയ റിപ്പോർട്ട് പ്രകാരം രാജസ്ഥാനിൽ കോൺഗ്രസിനു ജയിക്കുക എളുപ്പമല്ല. സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളിൽ കോൺഗ്രസിനു പ്രതീക്ഷയുണ്ടെങ്കിലും ഒട്ടേറെ എംഎൽഎമാർക്കെതിരെ ജനവികാരം ശക്തമാണ്. ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പുറമേ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും സ്ഥാനാർഥി നിർണയത്തോടെ ഇരുവരും തമ്മിൽ പോര് മുറുകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രാജസ്ഥാനിൽ കോൺഗ്രസിനു മുഖ്യമന്ത്രി സ്ഥാനാർഥിയില്ലെന്ന് കഴിഞ്ഞ ദിവസം സച്ചിൻ പറഞ്ഞതു ഗെലോട്ടിനെ ഉന്നമിട്ടാണ്. ഇരുനേതാക്കളും തമ്മിൽ പോര് മുറുകുന്ന സാഹചര്യം ഒഴിവാക്കി സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു ദേശീയ നേതൃത്വം.

English Summary:

Congress counting on 'Vasundhara Raje factor' in Rajasthan Assembly Election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com