വ്യാജ ജനന സർട്ടിഫിക്കറ്റ്: അസംഖാനും മകനും 7 വർഷം തടവുശിക്ഷ
Mail This Article
റാംപുർ (യുപി) ∙ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി മുൻ എംഎൽഎ അബ്ദുല്ല അസം, പിതാവും പാർട്ടിയുടെ പ്രമുഖ നേതാവുമായ അസംഖാൻ, അസംഖാന്റെ ഭാര്യ തസീൻ ഫാത്തിമ എന്നിവർക്ക് എംപി–എംഎൽഎ കോടതി 7 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇവരെ ജയിലിലടച്ചു.
റാംപുരിലെ ബിജെപി എംഎൽഎ ആകാശ് സക്സേന 2019 ജനുവരിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ലക്നൗ, റാംപുർ എന്നിവിടങ്ങളിൽനിന്നു മകന് 2 വ്യാജ ജനനസർട്ടിഫിക്കറ്റുകൾ നേടാൻ അസംഖാനും ഭാര്യയും സഹായിച്ചെന്നാണു കേസ്. 2 സർട്ടിഫിക്കറ്റുകളിലെയും ജനനത്തീയതികൾ വ്യത്യസ്തമായിരുന്നു. 2017ൽ സുവാർ മണ്ഡലത്തിൽനിന്ന് അബ്ദുല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 25 വയസ്സ് തികഞ്ഞെന്നു സ്ഥാപിക്കാനാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്നും ആരോപിച്ചിരുന്നു.
കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌പി ടിക്കറ്റിൽ ജയിച്ച അബ്ദുല്ല അസമിനെ 2008ൽ പൊതുപ്രവർത്തകനെ ആക്രമിച്ച കേസിൽ മൊറാദാബാദ് കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന് നിയമസഭയിൽനിന്ന് അയോഗ്യനാക്കി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2019ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസിൽ അസംഖാനു കഴിഞ്ഞ ഒക്ടോബറിൽ 3 വർഷം തടവുശിക്ഷ വിധിച്ചിരുന്നു.