ADVERTISEMENT

ന്യൂഡൽഹി ∙ ലോകകപ്പ് ക്രിക്കറ്റ് ആവേശം ഇന്ത്യയിൽ പൊടിപൊടിക്കുമ്പോൾ, ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് അടക്കിവാണ മുഹമ്മദ് അസ്ഹറുദ്ദീൻ മറ്റൊരു കളത്തിലാണ്– തെലങ്കാനയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ കോൺഗ്രസിന്റെ താരപ്രചാരകനായി. എന്നാൽ, അസ്ഹറുദ്ദീന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിയുമോയെന്ന ധർമ സങ്കടത്തിലാണു കോൺഗ്രസ് ഹൈക്കമാൻഡ്. 

തെലങ്കാന കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് കൂടിയായ അസ്ഹർ ഹൈദരാബാദ് മേഖലയിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ മത്സരിക്കാൻ മോഹിക്കുന്നു. എന്നാൽ, മണ്ഡലത്തിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഹൈക്കമാൻഡിനു തീരുമാനം എളുപ്പമല്ല. ആരു വന്നാലും പാളയത്തിൽ പട ഉറപ്പ്. ജൂബിലി ഹിൽസിൽ നിന്നു 4 തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച്, 2 തവണ ജയിച്ച വി.വിഷ്ണുവർധൻ റെഡ്ഡിയെന്ന പിവിആർ ഇക്കുറിയും സീറ്റിനായി രംഗത്തുണ്ട്. ജൂബിലി ഹിൽസിനു പകരം ഹൈദരാബാദ് മേഖലയിലെ മറ്റൊരു മണ്ഡലത്തിൽ അസഹ്റുദ്ദീനെ മത്സരിപ്പിക്കാനാകുമോയെന്നും നേതൃത്വം പരിശോധിക്കുന്നു. തെലങ്കാനയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികളിൽ സജീവമായി അസ്ഹറുമുണ്ട്. 

അവിഭക്ത ആന്ധ്രയായിരിക്കെ 2007 ൽ പിതാവിന്റെ മരണത്തെ തുടർന്നായിരുന്നു പിവിആർ ആദ്യം മത്സരിച്ചത്. 2009 ൽ 2.80 ലക്ഷം വോട്ടുകൾക്കു ജയിച്ചു. എന്നാൽ, തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള 2 തിരഞ്ഞെടുപ്പിലും ജയിച്ചില്ല. ടിഡിപിയിൽ നിന്നു ബിആർഎസിലെത്തിയ മഗന്തി ഗോപിനാഥിന്റെ ഉരുക്കുകോട്ടയായാണ് ഇപ്പോൾ മണ്ഡലം അറിയപ്പെടുന്നത്. കോൺഗ്രസിന്റെ പഴയകാല നേതാവ് പി.ജനാർദൻ റെഡ്ഡിയുടെ മകനായ പിവിആറിനും മണ്ഡലത്തിൽ വലിയ പിന്തുണയുണ്ട്. 

യുപിയിലെ മൊറാദാബാദിൽ നിന്ന് 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എംപിയായ അസഹ്റുദ്ദീൻ 2014 ൽ രാജസ്ഥാനിലെ സവായ്‌മധോപ്പുർ മണ്ഡലത്തിൽ പരാജയപ്പെട്ടു. 2018 ലാണ് തെലങ്കാന പിസിസി വർക്കിങ് പ്രസിഡന്റായത്. 119 അംഗ നിയമസഭയിലേക്ക് 55 ഇടത്താണ് ഇതുവരെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്നു കരുതുന്നു. 

English Summary:

Mohammad Azharuddin to contest election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com