പുതിയ പരീക്ഷണവാഹനത്തിന്റെ ആദ്യ പറക്കൽ വിജയം
Mail This Article
തിരുവനന്തപുരം ∙ മനുഷ്യനെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പറക്കൽ പരീക്ഷണം വിജയമായതോടെ ഗഗൻയാൻ ദൗത്യം അടുത്ത പരീക്ഷണഘട്ടങ്ങളിലേക്കു കടക്കുന്നു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) രൂപകൽപന ചെയ്തു നിർമിച്ച പുതിയ പരീക്ഷണവാഹനം (ടെസ്റ്റ് വെഹിക്കിൾ – ടിവി) ആദ്യ പറക്കലിൽ തന്നെ വിജയമായി.
ടെസ്റ്റ് വെഹിക്കിളിൽ ഉപയോഗിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഇതിനു വേണ്ടി പരിഷ്കരിച്ച വികാസ് എൻജിനാണ്. ഗഗൻയാനിനു പുറമേ, ഭാവിയിൽ വിവിധ പരീക്ഷണങ്ങൾക്ക് ടെസ്റ്റ് വെഹിക്കിൾ ഉപയോഗിക്കാൻ കഴിയുമെന്ന് വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ ‘മനോരമ’യോടു പറഞ്ഞു. വിക്ഷേപണം കഴിഞ്ഞു തിരിച്ചിറക്കേണ്ടി വന്നാൽ പ്രവേഗം കുറച്ച് താഴേക്കെത്തിച്ചു ഭൂമിയിൽ സാവധാനം ലാൻഡ് ചെയ്യിക്കാൻ കഴിയുംവിധം ഈ വാഹനത്തിന് രൂപമാറ്റം വരുത്താൻ കഴിയും.
വിക്ഷേപണ വാഹനത്തിൽനിന്നു ക്രൂ മൊഡ്യൂൾ (ബഹിരാകാശ യാത്രികരെ കയറ്റുന്ന പേടകം) വേർപെടുത്തി രക്ഷിക്കുന്ന പരീക്ഷണമാണ് ഇന്നലെ നടത്തിയത്. പരമാവധി ഡൈനാമിക് സമ്മർദം വരുന്ന സന്ദർഭത്തിലും അമിതഭാരം ഉണ്ടാകുന്ന അവസ്ഥയിലും ഉൾപ്പെടെ വിവിധ അപകടസാധ്യതകളിൽ ക്രൂ മൊഡ്യൂളിനെ വേർപെടുത്തി രക്ഷിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് അടുത്ത ഘട്ടത്തിൽ നടക്കുക.
ടെസ്റ്റ് വെഹിക്കിളിനു വേണ്ടി പ്രത്യേക പ്രൊപ്പൽഷൻ സ്റ്റേജ് തയാറാക്കി അതിനനുസരിച്ചു വികാസ് എൻജിനെ പരിഷ്കരിക്കുകയാണു ചെയ്തതെന്ന് എൽപിഎസ്‌സി ഡയറക്ടർ ഡോ. വി.നാരായണൻ പറഞ്ഞു. ഒറ്റ എൻജിനിൽ പോകുന്ന വിക്ഷേപണ വാഹനമായതിനാൽ ആ എൻജിൻ വച്ചുതന്നെ വ്യത്യസ്ത ആക്സിസുകളിലേക്കു ചലിപ്പിക്കാൻ കഴിയും. എൽ40 എൻജിനിലെ ടാങ്കിന്റെ പല ഘടകങ്ങളും മാറ്റിയാണ് പുതിയ എൻജിൻ രൂപപ്പെടുത്തിയത്. ഈ എൻജിൻ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണമായിരുന്നു ഇന്നലത്തേത്.