ADVERTISEMENT

ന്യൂഡൽഹി∙ മധ്യപ്രദേശിൽ കോൺഗ്രസുമായി സഖ്യം സാധ്യമാകാത്തതിൽ ക്ഷുഭിതനായ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. അഖിലേഷുമായി ഫോണിൽ സംസാരിച്ച രാഹുൽ, മധ്യപ്രദേശിലെ തർക്കം ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇന്ത്യ മുന്നണിയുടെ ഐക്യത്തെ ബാധിക്കരുതെന്നു ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ തവണയും മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമുണ്ടായിരുന്നില്ല. ഇത്തവണ മികച്ച വിജയസാധ്യത കാണുന്ന സംസ്ഥാനത്ത് സീറ്റുകൾ എസ്പിക്കു വിട്ടുകൊടുത്താൽ അതു ബിജെപിക്ക് വിജയിക്കാൻ അവസരം നൽകുന്നതിനു തുല്യമാകുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. ഇക്കാര്യം രാഹുൽ അഖിലേഷിനെ പറഞ്ഞു ബോധ്യപ്പെടുത്തിയതായാണു വിവരം. അതേസമയം, സഖ്യത്തിനുള്ള വാതിൽ പൂർണമായി അടഞ്ഞിട്ടില്ലെന്നും രാഹുലിന്റെ ഇടപെടലോടെ ഒന്നോ രണ്ടോ സീറ്റുകൾ എസ്പിക്കു വിട്ടുകൊടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു. 

സഖ്യം സാധ്യമാകാത്തതിനെതിരെ അഖിലേഷ് തന്നെ പരസ്യവിമർശനവുമായി രംഗത്തിറങ്ങിയതിൽ കോൺഗ്രസിന് അതൃപ്തിയുണ്ടെങ്കിലും കൂടുതൽ പ്രകോപിപ്പിച്ച് സ്ഥിതി വഷളാക്കേണ്ടെന്നാണു പാർട്ടിയുടെ നിലപാട്. ബിജെപിയുടെ കോട്ടയായ യുപിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പിയുമായി കോൺഗ്രസ് സഖ്യം ആഗ്രഹിക്കുന്നു. അഖിലേഷിനും സഖ്യതാൽപര്യമുണ്ട്. മധ്യപ്രദേശിൽ കോൺഗ്രസ് തഴഞ്ഞുവെന്നു വരുത്തിത്തീർത്ത് അതിന്റെ പേരിൽ യുപിയിലെ സീറ്റ് വിഭജനത്തിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് അഖിലേഷ് നടത്തിയതെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. യുപിയിൽ 9 സീറ്റുകൾ മാത്രമേ എസ്പി വിട്ടുകൊടുക്കൂവെന്ന അഭ്യൂഹം കോൺഗ്രസ് തള്ളി. 

വേണമെങ്കിൽ കൈപ്പത്തിയിലും മത്സരിക്കാം!

നടപ്പാക്കാൻ കഴിയാത്ത ആവശ്യങ്ങൾ മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടി ഉന്നയിച്ചതാണു സഖ്യം അസാധ്യമാക്കിയതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസിന് ഉറച്ച ജയസാധ്യതയുള്ള പല മണ്ഡലങ്ങളും എസ്പി ആവശ്യപ്പെട്ടു. ജയസാധ്യത കോൺഗ്രസിനാണെങ്കിൽ അവിടെ തങ്ങളുടെ ആളുകൾ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാമെന്ന വിചിത്ര വാദവും സംസ്ഥാനത്തെ എസ്പി നേതൃത്വം മുന്നോട്ടുവച്ചു. അത് സാധ്യമല്ലെന്നു കോൺഗ്രസ് നിലപാടെടുത്തു. 

∙ ‘കോൺഗ്രസിലെ വലിയൊരു നേതാവ് എന്നെ വിളിച്ചു. ദുർബലാവസ്ഥയിലുള്ള കോൺഗ്രസ് എപ്പോൾ സമീപിച്ചാലും സഹായിക്കണമെന്ന് റാംമനോഹർ ലോഹ്യയും എന്റെ പിതാവ് മുലായം സിങ് യാദവും പറഞ്ഞിട്ടുണ്ട്. അതു ഞാൻ ചെയ്യും.’ –  അഖിലേഷ് യാദവ് (എസ്പി നേതാവ്). 

English Summary:

Madhya Pradesh dispute: Rahul Gandhi to convince Akhilesh Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com