യുപിയിൽ രക്തം സ്വീകരിച്ച 2 കുട്ടികൾക്ക് എച്ച്ഐവി
Mail This Article
ലക്നൗ ∙ ഉത്തർപ്രദേശിൽ തലാസീമിയ രോഗത്തെ തുടർന്നു രക്തം സ്വീകരിച്ച 2 കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചു. 12 പേർക്ക് ഹെപ്പറ്റൈറ്റിസ് ബാധയും സ്ഥിരീകരിച്ചു. 7 പേർക്കു ഹെപ്പറ്റൈറ്റിസ് ബിയും 5 പേർക്ക് ഹെപ്പറ്റൈറ്റിസ് സിയുമാണു പിടിപെട്ടത്.
16 വയസ്സിൽ താഴെയുള്ളവരാണു കാൻപുരിലും പരിസര പ്രദേശങ്ങളിലുമുള്ള ഈ കുട്ടികൾ. കാൻപുരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ നിന്നാണു വിവരം പുറത്തുവന്നത്. പ്രദേശത്തെ ജില്ലാ, സ്വകാര്യ ആശുപത്രികളിൽ രക്തം സ്വീകരിച്ചപ്പോൾ രോഗം പിടിപെട്ടിരിക്കാമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഹെപ്പറ്റൈറ്റിസ് ബാധിതരായ കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
രക്തം സ്വീകരിച്ചതു വഴി എച്ച്‌ഐവി ഉൾപ്പെടെ രോഗബാധയുണ്ടാകുന്നതു വ്യാപകമാണ്. ഇക്കാര്യത്തിൽ സൂക്ഷ്മത ഉറപ്പാക്കാൻ ഇടവിട്ടുള്ള പരിശോധന ആശുപത്രികൾ നടത്താറുണ്ട്. ലാലാ ലജ്പത് റായ് ആശുപത്രിയിൽ 180 തലാസീമിയ രോഗികളുണ്ടെന്നും 6 മാസം കൂടുമ്പോൾ പരിശോധന നടത്താറുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.
രോഗാണുബാധയ്ക്കുള്ള സാധ്യത പ്രകടമാകാത്ത വിൻഡോ പീരിയഡിലുള്ള രക്തമാണു കുട്ടികൾക്കു നൽകിയതെന്നു സംശയം. എയ്ഡ്സിനു കാരണമായ എച്ച്ഐവി രോഗാണു ശരീരത്തിലെത്തി മൂന്നാഴ്ച കഴിഞ്ഞേ എലീസ ടെസ്റ്റിലൂടെ അറിയാൻ കഴിയൂ. അണുബാധ പ്രകടമാകാത്ത ഈ സമയമാണു വിൻഡോ പീരിയഡ്.