വിവേചനം; സർവമത സമ്മേളനത്തിനുള്ള ക്ഷണം ആർച്ച് ബിഷപ് നിരസിച്ചു
Mail This Article
ന്യൂഡൽഹി ∙ രാഷ്ട്രപതി ഭവനിൽ നടന്ന സർവമത സമ്മേളനത്തിലേക്കു ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോയ്ക്കും സംഘത്തിനും നൽകിയിരുന്ന ക്ഷണം അവസാന നിമിഷം പിൻവലിച്ചു. സംഭവം വിവാദമായതോടെ പരിപാടിയുടെ തലേന്നു വീണ്ടും ക്ഷണിച്ചെങ്കിലും ബിഷപ്പും സംഘവും നിരസിച്ചു. ആദ്യ ക്ഷണപ്രകാരം ആർച്ച് ബിഷപ്പിനു രണ്ടര മിനിറ്റ് സമയം സംസാരിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ രണ്ടാമത്തെ ക്ഷണത്തിൽ അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണു ക്ഷണം നിരസിച്ചത്.
ഇന്നലെയാണു ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിൽ 'സബ്കാ മാലിക് എക്' എന്ന സർവമത സമ്മേളനം നടന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു യോഗത്തെ അഭിസംബോധന ചെയ്തു. രണ്ടാഴ്ച മുൻപു നൽകിയ ക്ഷണം പരിപാടി നടക്കുന്നതിന്റെ 2 ദിവസം മുൻപ് റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ആർച്ച് ബിഷപ്പിനു പുറമേ ഇന്റർ ഫെയ്ത് റിലേഷൻസ് ഡയറക്ടർ ഫാ. നോർബെർട്ട് ഹെർമൻ, കോ–ഓർഡിനേറ്റർ ഡോ. നളിനി ഏബ്രഹാം, കാത്തലിക് അസോസിയേഷൻസ് പ്രസിഡന്റ് എ.സി.മൈക്കിൾ, യൂത്ത് ഇന്റർ ഫെയ്ത് കോ–ഓർഡിനേറ്റർ ആൽവിൻ അനുഗ്രഹ് എന്നിവരാണു ക്ഷണം ലഭിച്ച സംഘത്തിലുണ്ടായിരുന്നത്.