എൻസിഇആർടി സമിതിയുടെ ശുപാർശ: സ്കൂൾ പുസ്തകങ്ങളിൽ ‘ഇന്ത്യ’ വേണ്ട, ‘ഭാരതം’ മതി
Mail This Article
ന്യൂഡൽഹി ∙ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാൻ ശുപാർശ. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു മലയാളിയായ പ്രഫ.സി.ഐ.ഐസക് അധ്യക്ഷനായ, എൻസിഇആർടിയുടെ സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാടു രേഖയിലാണ് (പൊസിഷൻ പേപ്പർ) ഇതുൾപ്പടെയുള്ള നിർദേശങ്ങൾ.
ചരിത്രത്തെ മൂന്നായി വേർതിരിക്കുമ്പോൾ പൗരാണികം (ഏൻഷ്യന്റ്) എന്നതിനു പകരം ‘ക്ലാസിക്കൽ’ എന്നുപയോഗിക്കണമെന്നും ഇന്ത്യൻ നോളജ് സിസ്റ്റത്തിനു (ഐകെഎസ്) കൂടുതൽ പ്രാധാന്യം നൽകണമെന്നുമുള്ള രേഖ 4 മാസം മുൻപാണു സമർപ്പിച്ചത്. വിദഗ്ധ സമിതിയും വിവിധ സംസ്ഥാനങ്ങളും നൽകിയ നിലപാടു രേഖകൾ വിലയിരുത്തിയ ശേഷമാകും പാഠ്യപദ്ധതി പരിഷ്കരണ സമിതി അന്തിമ തീരുമാനമെടുക്കുക. വിഷയത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് എൻസിഇആർടി പ്രതികരിച്ചു.
ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ശുപാർശകൾ സമർപ്പിക്കാൻ 2021ൽ ആണ് 25 സമിതികൾ രൂപീകരിച്ചത്. സമാനമാതൃകയിൽ സംസ്ഥാനങ്ങളും 25 സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
മറ്റു നിർദേശങ്ങൾ
∙ 1947നു ശേഷമുള്ള ചരിത്രം പാഠപുസ്തകങ്ങളിൽ കുറവ്. കഴിഞ്ഞ 75 വർഷത്തെ ചരിത്രം കൂടുതലായി വിദ്യാർഥികളിലെത്തണം.
∙ തോൽവിയുടെ ചരിത്രമാണു പാഠപുസ്തകങ്ങളിലേറെ. വിദേശീയർ ഇവിടെയെത്തി വിജയം നേടിയതിനെക്കുറിച്ചു മാത്രം വിവരിക്കുന്നു. ഇന്ത്യൻ ഭരണാധികാരികളുടെ വിജയകഥകൾ കൂടുതലായി വേണം. മുഹമ്മദ് ഗോറിയെ ഇന്ത്യയിലെ ഗോത്ര വിഭാഗക്കാർ തോൽപ്പിച്ച ചരിത്രം പഠിക്കുന്നില്ല. ഡച്ചുകാർക്കെതിരെ മാർത്താണ്ഡവർമ രാജാവു വിജയം നേടിയ കുളച്ചൽ യുദ്ധത്തെക്കുറിച്ചും അധികമാർക്കും അറിയില്ല.
∙ പൊളിറ്റിക്കൽ സയൻസിൽ അർഥശാസ്ത്രം ഉൾപ്പെടെയുള്ളവ പഠനവിഷയമാക്കണം. ഗ്രീസിലെ നഗരരാഷ്ട്രങ്ങൾക്കു മുൻപു തന്നെ ഇന്ത്യയിൽ നാട്ടുകൂട്ടങ്ങൾ സജീവമായിരുന്നു. ഇക്കാര്യങ്ങൾ പുസ്തകങ്ങളിൽ വേണം.
∙‘7000 വർഷത്തിലേറെ പഴക്കമുള്ള വിഷ്ണു പുരാണത്തിൽ ഭാരതം എന്നു പരാമർശിച്ചിട്ടുണ്ട്. കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനു േശഷമാണ് ‘ഇന്ത്യ’ സജീവമായത്. 12–ാം ക്ലാസ് വരെ പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാർശ ഈ സാഹചര്യത്തിലാണു നൽകിയത്.’ – പ്രഫ.സി.ഐ.ഐസക്