തെലങ്കാന: അസ്ഹറിന് ജൂബിലി ഹിൽസ്; ഗദ്ദറിന്റെ മകളും സ്ഥാനാർഥി
Mail This Article
ന്യൂഡൽഹി ∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ മത്സരിക്കും. പിസിസി വർക്കിങ് പ്രസിഡന്റായ അസ്ഹറുദ്ദീൻ ആവശ്യപ്പെട്ട ജൂബിലി ഹിൽസ് മണ്ഡലം തന്നെയാണു നൽകിയത്. സെക്കന്തരാബാദ് കന്റോൺമെന്റിൽ വിപ്ലവകവി ഗദ്ദറിന്റെ മകൾ ജി.വി.വെണ്ണിലയ്ക്കു സീറ്റ് നൽകി. ഇതുൾപ്പെടെ 45 സീറ്റുകളിലേക്കു കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ജൂബിലി ഹിൽസ് സീറ്റ് മോഹിച്ച മുതിർന്ന നേതാവ് വി.വിഷ്ണുവർധൻ റെഡ്ഡിയെ മറ്റിടങ്ങളിലേക്കു പരിഗണിച്ചിട്ടില്ല. എംഎൽഎയായിരിക്കെ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരുകയും കഴിഞ്ഞദിവസം മടങ്ങിയെത്തുകയും ചെയ്ത കെ.രാജ്ഗോപാൽ റെഡ്ഡിക്കും സീറ്റുണ്ട് – നേരത്തേ പ്രതിനിധാനം ചെയ്ത മുനുഗോഡ തന്നെ. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെതിരെ ഗജ്വൽ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനും രാജ്ഗോപാൽ റെഡ്ഡി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
119 അംഗ നിയമസഭയിൽ ഇതുവരെ 100 സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ശേഷിക്കുന്നതിൽ 4 സീറ്റുകൾ ഇടതു പാർട്ടികൾക്കു നൽകും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ കെ.മുരളീധരൻ, തെലങ്കാനയുടെ ചുമതലയുള്ള പി.സി.വിഷ്ണുനാഥ് എന്നിവർ തെലങ്കാന നേതൃത്വവുമായി ഇന്നലെ പലവട്ടം ചർച്ച നടത്തിയാണ് രണ്ടാം പട്ടിക തയാറാക്കിയത്.