ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിലെ ചോദ്യങ്ങൾ മു‍ൻകൂറായി നൽകേണ്ട പോർട്ടലിൽ എംപിമാർ ചോദ്യം സ്വയം അപ്‌ലോഡ് ചെയ്യാറില്ലെന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ വാദം കീഴ്‌വഴക്കമനുസരിച്ചു ശരിയെങ്കിലും നിയമപരമായി നിലനിൽക്കില്ല. വിശേഷിച്ചും സുഹൃത്തായ ഒരാൾക്കു യഥേഷ്ടം ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ അവസരം നൽകിയെന്ന ആരോപണം നേരിടുമ്പോൾ. ഇതെക്കുറിച്ച് അന്വേഷിക്കുന്ന പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം നിർണായകമാകും. അതേസമയം, അദാനിയുമായി ബന്ധപ്പെട്ടു പോർട്ടലിലൂടെ മഹുവ നൽകിയ ചോദ്യം പാർലമെന്റിലെ ക്വസ്റ്റ്യൻ ബ്രാഞ്ച് അംഗീകരിച്ചുവെന്നത് അവരുടെ വാദത്തിനു ബലമാകും. ക്വസ്റ്റ്യൻ ബ്രാ‍ഞ്ച് അംഗീകരിച്ചാൽ മാത്രമേ ചോദ്യത്തിനു സാധുത വരൂ. ആ അർഥത്തിൽ അംഗീകരിക്കപ്പെട്ട ചോദ്യത്തിനു പിന്നിൽ ഗൂഢതാൽപര്യം ആരോപിക്കുന്നതിലെ യുക്തിയാണു മഹുവയ്ക്കുള്ള പിടിവള്ളി. 

∙ മഹുവയുടെ വാദങ്ങൾ 

അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു കോഴ സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേഡും ഹിരാനന്ദാനിക്കു കൈമാറിയെന്നതുമാണു വിവാദം. എംപിയുടെ സംഘത്തിലുള്ളവരാണു ചോദ്യങ്ങൾ അപ്‍ലോഡ് ചെയ്യുന്നത്, ആർക്കൊക്കെ പാസ്‍വേഡ് കൈമാറാമെന്നതിനു ചട്ടങ്ങളില്ല, ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള ഒടിപി ലഭ്യമാകുന്ന നമ്പർ തന്റേതാണ്, അതുകൊണ്ട് അപ്‍ലോഡ് ചെയ്യപ്പെടുന്ന ചോദ്യങ്ങളെക്കുറിച്ചു തനിക്ക് അറിവുണ്ട് തുടങ്ങിയവയാണ് മഹുവയുടെ വാദങ്ങൾ. 

∙ സ്റ്റാഫ് x വ്യവസായി 

ലോഗിൻ ഐഡിയും പാസ്‍വേഡും നൽകുന്നത് എംപിമാർക്കാണെങ്കിലും ഇതുപയോഗിക്കുന്നത് സ്റ്റാഫ് അംഗങ്ങളാണ്. ഇതിനുള്ള പരിശീലന പരിപാടി പാർലമെന്റ് പലപ്പോഴും നടത്തുന്നതും എംപിമാരുടെ സ്റ്റാഫിനാണ്. എംപി തിരക്കിലാകുമെന്നതിനാൽ ചോദ്യം അപ്‍ലോഡ് ചെയ്യാനുള്ള ഒടിപിക്കായും സ്റ്റാഫ് അംഗത്തിന്റെ നമ്പറാണ് പലരും നൽകിയിരിക്കുന്നത്. എന്നാൽ, ഈ ഗണത്തിൽ വരാത്ത വ്യവസായിക്കു പോർട്ടലിന്റെ പാസ്‌വേഡും മറ്റും നൽകിയത് എത്തിക്സ് കമ്മിറ്റിക്കു ഗൗരവമായി കാണാം. 

ചോദ്യത്തിനുള്ള നടപടിക്രമം 

പാർലമെന്റ് അംഗത്തിന് ഒരു ദിവസത്തേക്ക് 5 ചോദ്യം വരെ നൽകാം. 15 ദിവസം മുൻപെങ്കിലും ചോദ്യം അപ്‍ലോഡ് ചെയ്യണം. ചോദ്യം അംഗീകരിക്കണോ വേണ്ടയോ എന്നതു ക്വസ്റ്റ്യൻ ബ്രാഞ്ചിന്റെ തീരുമാനമാണ്. ഇതിനു പല ഘടകങ്ങളുണ്ട്. സഭയിൽ നക്ഷത്രചിഹ്നമിട്ട (സർക്കാർ നേരിട്ടു മറുപടി നൽകേണ്ടതും ഉപചോദ്യങ്ങൾ അനുവദിക്കുന്നതുമായ) 20 ചോദ്യങ്ങളേ ഒരു ദിവസത്തേക്ക് അംഗീകരിക്കൂ. നറുക്കുപ്രകാരമാണ് ഇതു തീരുമാനിക്കുക. നക്ഷത്രചിഹ്നമിടാത്ത 230 ചോദ്യങ്ങളും ഒരു ദിവസം അനുവദിക്കും. നക്ഷത്ര ചിഹ്നമിടാത്തവയ്ക്ക് രേഖാമൂലമുള്ള മറുപടി മതിയാകും, ഉപചോദ്യങ്ങൾ അനുവദിക്കില്ല. നക്ഷത്ര ചിഹ്നമിട്ടവയ്ക്കായി നൽകുന്നതു തള്ളുന്നെങ്കിൽ അതിനുള്ള കാരണം ക്വസ്റ്റ്യൻ ബ്രാഞ്ച് വ്യക്തമാക്കും. 

English Summary:

Mahua Moitra Controversy: Ethics Committee's decision is crucial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com