മിസോറം: ഇത്തവണ 15 വനിതാ സ്ഥാനാർഥികൾ; ഇവരുടെ മത്സരം ചരിത്രത്തോട്
Mail This Article
മിസോറമിൽ ചരിത്രം തിരുത്താൻ ഇത്തവണ 15 വനിതാ സ്ഥാനാർഥികൾ. കേന്ദ്രഭരണപ്രദേശവും പിന്നീടു സംസ്ഥാനവുമായ മിസോറമിന്റെ അര നൂറ്റാണ്ടിലധികമുള്ള ചരിത്രത്തിൽ 4 വനിതകൾ മാത്രമാണു നിയമസഭയിലെത്തിയത്. മന്ത്രിയായത് ഒരു വനിതയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16 വനിതകൾ മത്സരിച്ചെങ്കിലും എല്ലാവരും തോറ്റു.
ജനസംഖ്യയിൽ പുരുഷൻമാരെക്കാൾ കൂടുതൽ വനിതകളാണെങ്കിലും മിസോറം രാഷ്ട്രീയത്തിൽ വനിതകൾക്കു കാര്യമായ സ്ഥാനമില്ല. പ്രധാന രാഷ്ട്രീയപാർട്ടികളായ എംഎൻഎഫ്, സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ് പിഎം), കോൺഗ്രസ് എന്നിവർ 2 വീതം വനിതാ സ്ഥാനാർഥികളെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. ബിജെപി ടിക്കറ്റിൽ 3 പേർ മത്സരിക്കുന്നു. ഐസോൾ-2 ൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി വി.ചൗങ്തു മാത്രമാണ് മുൻപ് എംഎൽഎയായിരുന്നത്. 2014 ഉപതിരഞ്ഞെടുപ്പിൽ ജയിച്ച അവർ പിന്നീടു മന്ത്രിയുമായി.
മിസോറം രാഷ്ട്രീയം പുരുഷകേന്ദ്രീകൃതമാണെന്നും ഈ മതിൽക്കെട്ടു പൊളിക്കുക എളുപ്പമല്ലെന്നും ഐസോൾ സൗത്തിൽ (3) മത്സരിക്കുന്ന സെഡ് പിഎം സ്ഥാനാർഥി ബേറിൽ വാന്നൈസാംഗി പറഞ്ഞു. ബിസിനസിലും ഉദ്യോഗസ്ഥ തലത്തിലുമൊന്നപോലെ രാഷ്ട്രീയത്തിലും മിസോറം സ്ത്രീകൾ മുന്നിലെത്തുമെന്ന് അവർ പറഞ്ഞു. റേഡിയോ ജോക്കിയായിരുന്ന ബേറിൽ ആദ്യമായാണു മത്സരിക്കുന്നത്.