തുടരുന്ന അപകടങ്ങൾ; മറക്കുന്ന സുരക്ഷ
Mail This Article
പത്തനംതിട്ട ∙ തുടർച്ചയായ ട്രെയിൻ അപകടങ്ങൾ യാത്രക്കാരെ ആശങ്കയിലാക്കുന്നു. ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 296 ജീവനുകൾ നഷ്ടമായിരുന്നു. ഞായറാഴ്ച ട്രെയിൻ കൂട്ടിയിടിച്ച് ആന്ധ്രയിൽ 14 പേരും മരിച്ചു. 2 അപകടങ്ങളും രാജ്യത്തെ പ്രധാന റെയിൽവേ റൂട്ടുകളിലൊന്നായ ഹൗറ–ചെന്നൈ പാതയിലാണ്. ഒക്ടോബർ 11ന് ബിഹാറിലെ ബക്സറിൽ നടന്ന അപകടത്തിൽ ഡൽഹി – കാമഖ്യ എക്സ്പ്രസ് പാളം തെറ്റി 5 പേർ മരണപ്പെട്ടിരുന്നു.
ഈ സെക്‌ഷനിൽ മൂന്നാം പാത 2 മാസം മുൻപാണ് കമ്മിഷൻ ചെയ്തത്. ഞായറാഴ്ച രാവിലെ മുതൽ ഇവിടെ സിഗ്‌നൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഓട്ടമാറ്റിക് സിഗ്നലിങ്ങുള്ള പാതയിൽ എന്തു ചെയ്യണമെന്നു കൃത്യമായ പരിശീലനം ലഭിക്കാത്ത ലോക്കോ പൈലറ്റാണു രണ്ടാമത്തെ ട്രെയിനിലുണ്ടായിരുന്നതെന്നു പറയുന്നു. ആദ്യ ട്രെയിനിലെ ലോക്കോ പൈലറ്റ് ചട്ടങ്ങൾ പാലിച്ചു വേഗം കുറച്ചപ്പോൾ പുറകിൽ വന്ന ട്രെയിനിലെ ലോക്കോ പൈലറ്റുമാർ വേഗം കുറച്ചില്ല. ട്രെയിൻ ഓപ്പറേഷനിൽ കുറുക്കുവഴികൾ സ്വീകരിക്കുന്നതും ജീവനക്കാർക്ക് ആവശ്യത്തിന് പരിശീലനം നൽകാതിരുന്നതുമാണ് വിശാഖപട്ടണം അപകടത്തിന് കാരണമായതെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.