ബാങ്കുകളിലൂടെ 2,000 രൂപ മാറ്റാം; ഈ മാസം 7 വരെ
Mail This Article
ന്യൂഡൽഹി ∙ ബാങ്കുകൾ വഴി 2,000 രൂപ കറൻസി നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി റിസർവ് ബാങ്ക് ഈ മാസം 7 വരെ നീട്ടി. ഒരു സമയം പരമാവധി 10 നോട്ടുകൾ മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്കു നോട്ടുകൾ മാറിയെടുക്കാം. നിക്ഷേപത്തിനു പരിധിയില്ല.
ഈ മാസം 8 മുതൽ കേരളത്തിൽ തിരുവനന്തപുരം അടക്കം രാജ്യത്തെ റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ തുടർന്നും മാറ്റിയെടുക്കാനും ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കാനും കഴിയും. കറൻസി മാറ്റിവാങ്ങാൻ സൗകര്യമുള്ള ഓഫിസുകളെയാണ് ആർബിഐയുടെ ഇഷ്യു ഓഫിസുകൾ എന്നു വിളിക്കുന്നത്. കോടതികൾ, നിയമപാലന ഏജൻസികൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്ക് ഇഷ്യു ഓഫിസുകൾ വഴി തുക മാറിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ തടസ്സമില്ല.
രാജ്യത്തിനകത്തുള്ളവർക്ക് തപാൽ വഴിയും കറൻസി ആർബിഐ ഇഷ്യു ഓഫിസുകളിലേക്ക് അയയ്ക്കാൻ സൗകര്യമുണ്ടാകും. ഇതിനു തുല്യമായ തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഇതിനായി തിരിച്ചറിയൽ രേഖകൾ അടക്കം നൽകേണ്ടി വരും. കറൻസി തപാലായി അയയ്ക്കുന്നതിൽ വിലക്കുണ്ടെങ്കിലും പോസ്റ്റൽ സർവീസസ് ഡയറക്ടർ ജനറലിന് പ്രത്യേക സാഹചര്യങ്ങളിൽ ആർബിഐ മാർഗരേഖയ്ക്ക് വിധേയമായി അനുമതി നൽകാം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് തപാൽ വകുപ്പുമായി ബന്ധപ്പെടണം.
ഒക്ടോബർ 7 കഴിഞ്ഞാലും 2000 രൂപയുടെ കറൻസി സാധുവായി തുടരും. കൈവശമുള്ള 2000 രൂപ നോട്ടുകൾ എത്രയും വേഗം മാറിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആർബിഐ ആവശ്യപ്പെട്ടു.
തിരിച്ചെത്താനുള്ളത് 14,000 കോടി
ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച്, വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ കറൻസിയുടെ 96 ശതമാനവും തിരികെയെത്തി. 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണു വിനിമയത്തിലുണ്ടായിരുന്നത്. ഇതിൽ 3.42 ലക്ഷം കോടി രൂപയുടേതു തിരിച്ചെത്തി. 14,000 കോടി രൂപയാണ് ഇനി വിനിമയത്തിലുള്ളത്.
English Summary: The Reserve Bank has extended the deadline for the exchange of Rs 2000 notes