നരേഷ് ഗോയലിന്റെ 538 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
Mail This Article
ന്യൂഡൽഹി ∙ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ 538 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയിലെ വിവിധ നഗരങ്ങൾക്കു പുറമേ ലണ്ടനിലും ദുബായിലുമുള്ള ആസ്തിയാണ് പിടിച്ചെടുത്തത്. 17 ഫ്ലാറ്റുകൾ, വീടുകൾ, സ്ഥലങ്ങൾ എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. സ്ഥാപനത്തിന്റെ പേരിലുള്ളതിനു പുറമേ ഭാര്യ അനിത, മകൻ നിവാൻ എന്നിവരുടെ പേരിലുള്ള വസ്തുവകകളും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു.
കള്ളപ്പണ ഇടപാടു കേസിൽ സെപ്റ്റംബറിൽ അറസ്റ്റിലായ നരേഷ് ഗോയൽ (74) ഇപ്പോൾ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്. വായ്പ തിരിച്ചടയ്ക്കാതെ വന്നതിനെ തുടർന്ന് കനറാ ബാങ്ക് നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്തത്.
ജെറ്റ് എയർവേയ്സിന് വിവിധ ബാങ്കുകൾ നൽകിയ 848.86 കോടി രൂപയുടെ വായ്പയിൽ 538.6 കോടി രൂപയാണ് കുടിശിക വന്നത്. പണം അനുബന്ധ സ്ഥാപനങ്ങളിലേക്ക് വകമാറ്റിയെന്നു തെളിഞ്ഞതിനെ തുടർന്നാണ് സിബിഐ കേസെടുത്തത്. കടക്കെണിയിലായതിനെ തുടർന്ന് 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്സ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.