ADVERTISEMENT

ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 50 മിനിറ്റ് പ്രസംഗത്തിൽ ഏറെ തവണ കേട്ടതു ‘നിങ്ങളുടെ ഈ മോദി’ എന്ന വാചകം. 15 വർഷം മുഖ്യമന്ത്രിയായിരുന്ന രമൺസിങ് ഇല്ലാതിരുന്ന സമ്മേളനത്തിൽ മോദി നേട്ടമായി അവതരിപ്പിച്ചതെല്ലാം കേന്ദ്രസർക്കാരിന്റെ പദ്ധതികളായിരുന്നു. ‘ഇത് മോദിയുടെ ഗാരന്റിയാണ്’ എന്നു പറഞ്ഞാണ് ഓരോ വാഗ്ദാനങ്ങളും അവതരിപ്പിച്ചത്. 

‘‘ആദ്യമായി ഒരു ആദിവാസിയെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണ്. അവരെ അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസിനു ബിജെപിയോടല്ല വിരോധം; ആദിവാസികളോടാണ്’’– കോൺഗ്രസ് മുഖ്യമായും ആദിവാസി വോട്ടുകളെ ലക്ഷ്യം വച്ചിരിക്കുന്ന ഛത്തീസ്ഗഡിൽ മോദിയുടെ ഉന്നം വ്യക്തം. ‘‘ആദിവാസികളെ അപമാനിച്ച കോൺഗ്രസിനോടുള്ള വിരോധം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകില്ലേ?’’– അദ്ദേഹം ഉച്ചത്തിൽ ചോദിക്കുന്നു. ‘‘ഉണ്ടാകും’’ എന്ന് ആയിരങ്ങൾ ആവർത്തിച്ചു പറഞ്ഞപ്പോൾ, ‘‘അതൊന്നു രണ്ടു കയ്യും ഉയർത്തി പറയൂ’’ എന്ന് ആഹ്വാനം. ഒബിസിക്കാരനായ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഓർക്കുന്നില്ലേ എന്നായി പിന്നത്തെ ചോദ്യം. 

കാംകേറിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ മേഖലയിലെ സ്ഥാനാർഥികൾ അഭിവാദ്യം ചെയ്യുന്നു. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ
കാംകേറിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ മേഖലയിലെ സ്ഥാനാർഥികൾ അഭിവാദ്യം ചെയ്യുന്നു. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കു വീടു നിർമിക്കുന്ന പദ്ധതി കൊണ്ടുവന്നപ്പോൾ സംസ്ഥാന സർക്കാർ അതിനു തടസ്സം നിന്നതായി പ്രധാനമന്ത്രി ആരോപിച്ചു. ‘‘കാരണം, പാവപ്പെട്ടവർ മോദിക്ക് ജയ് വിളിച്ചാലോ എന്ന് കോൺഗ്രസിനു പേടി. എന്നാൽ കേട്ടോളൂ, പാവപ്പെട്ട ദലിതുകൾക്കും ആദിവാസികൾക്കും കേന്ദ്ര പദ്ധതിയിൽപ്പെടുത്തി മോദി വീടു നൽകും. ഇത് മോദിയുടെ ഗാരന്റിയാണ്.’’– കയ്യടിയും ജയ് വിളിയുമായി സദസ്സിന്റെ മറുപടി. വനിതകൾക്ക് നിയമനിർമാണ സഭകളിൽ സംവരണം ആരാണു കൊണ്ടുവന്നത് എന്നു ചോദ്യം. ‘‘മോദി, മോദി’’ എന്ന് മറുപടി ഉയർന്നു. 

ഛത്തീസ്ഗഡ് പിറവിയുടെ പിറ്റേന്നു നടന്ന സമ്മേളനത്തിൽ, സംസ്ഥാന രൂപീകരണത്തെക്കുറിച്ചു പറഞ്ഞാണ് മോദി രാഷ്ട്രീയം ആരംഭിച്ചത്. വാജ്പേയ് ആണ് സംസ്ഥാനം ഉണ്ടാക്കിയത്. ആ സംസ്ഥാനത്തെ ഇല്ലാതാക്കലാണു കഴിഞ്ഞ 5 വർഷം കോൺഗ്രസ് സർക്കാർ ചെയ്തത്. കേന്ദ്രത്തിൽ കോൺഗ്രസ് വന്നപ്പോൾ ഛത്തീസ്ഗഡിന് ആനുകൂല്യങ്ങൾ തടഞ്ഞുവെന്നും നമുക്ക് ഡബിൾ എൻജിൻ സർക്കാർ ആയി മുന്നോട്ടുപോകാനുള്ള അവസരമാണു കൈവന്നിരിക്കുന്നതെന്നും പറഞ്ഞു. 

സംസ്ഥാനത്ത് ഗോവർധൻ പ്ലാന്റിന്റെ പേരിൽ അഴിമതി നടന്നുവെന്ന ആരോപണം ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ഗോമാതാവിനെയും കോൺഗ്രസ് അപമാനിച്ചു എന്നാണ്. ചാണകം ശേഖരിക്കൽ പദ്ധതി വഴി സംസ്ഥാന സർക്കാർ ഉണ്ടാക്കിയേക്കാവുന്ന നേട്ടത്തിനു തടയിടാൻ കൂടിയാണ് ആ ആരോപണം. ‘നിങ്ങളോട് വോട്ട് ചോദിക്കാനല്ല താൻ വന്നിരിക്കുന്നതെന്നു പറഞ്ഞു നാടകീയമായാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ‘‘ഡിസംബർ 3ന് ബിജെപി ജയിച്ച് മുഖ്യമന്ത്രിയെ വാഴിക്കുന്നുണ്ട്. അതിന് അനുവാദം ചോദിക്കാനാണു വന്നത്’’. 

English Summary:

Prime Minister Narendra Modi includes central government achievements in his speech in Chhattisgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com