ഭോപാൽ കോട്ട കാക്കാൻ സിംഹക്കുട്ടി; വഴിമുടക്കാൻ ചാച്ചാജി ഉൾപ്പെടെ കരുത്തർ
Mail This Article
ടീം ജയിച്ചാലും തോറ്റാലും സെഞ്ചറി അടിക്കുന്ന ബാറ്ററെപ്പോലെയാണ് ഭോപാൽ നോർത്തിലെ കോൺഗ്രസ് സിറ്റിങ് എംഎൽഎ ആരിഫ് അഖീൽ. ഭരണത്തിലേറുന്നത് ഏതു പാർട്ടിയായാലും 3 പതിറ്റാണ്ടായി അഖീലിന് നോർത്തിൽ നിന്ന് നിയമസഭയിലേക്കൊരു കൺഫേം ടിക്കറ്റ് ഉറപ്പായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് റിട്ടയേർഡ് ഹർട്ടായ ആരിഫിന് ഇത്തവണ പരിശീലകന്റെ വേഷമാണ്.
മകൻ 35 കാരൻ ആതിഖ് അഖീലിനെയാണ് പിൻഗാമിയാകാൻ കോൺഗ്രസ് തിരഞ്ഞെടുത്തത്. ബിജെപി സ്ഥാനാർഥി മുൻ മേയർ അലോക് ശർമയ്ക്കു പുറമേ, സ്വന്തം കുടുംബത്തിൽ നിന്നൊരു എതിരാളി കൂടിയുണ്ട് അതീഖിന്. ആരിഫിന്റെ സഹോദരനും മുൻ കോർപറേഷൻ കൗൺസിലറുമായ അമീൻ അഖീൽ. 60% ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലം സംസ്ഥാനത്തെ ചൂടൻ പോരാട്ടം നടക്കുന്ന സീറ്റുകളിലൊന്നായി മാറി.
ഭോപാലിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ കോട്ടയെന്ന് വിളിക്കാവുന്ന ഏക സീറ്റാണ് ഭോപാൽ നോർത്ത്. അനുയായികൾ ഷേറെ ഭോപാൽ (ഭോപാൽ സിംഹം) എന്നു വിളിക്കുന്ന ആരിഫാണ് 3 പതിറ്റാണ്ടിലേറെയായി ആ കോട്ടയുടെ കാവലാൾ. 1991 ൽ വിമതനായി രംഗത്തെത്തി കോൺഗ്രസ് അതികായൻ ഹസനത് സിദ്ധിഖിയെ തോൽപ്പിച്ച് തുടങ്ങിയതാണ് തേരോട്ടം. 7 തിരഞ്ഞെടുപ്പുകളിൽ 1993 ൽ മാത്രമാണ് അടിതെറ്റിയത്. കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷം 30,000 വോട്ട്.
ഈ മണ്ഡലം പിടിക്കുകയെന്നത് ബിജെപിയുടെ വാശിയാണ്. 2008 ൽ ആരിഫിന് കടുത്ത മത്സരം സമ്മാനിച്ച അലോക് ശർമയെ വീണ്ടും രംഗത്തിറക്കിയിരിക്കുന്നത് ആ ലക്ഷ്യംവച്ചാണ്. ആരിഫ് മാറുകയും പകരം വന്ന മകനെതിരെ പാളയത്തിൽ തന്നെ പടയൊരുങ്ങുകയും ചെയ്തതോടെ ഇത്തവണ നോർത്ത് കോട്ട ഇളകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
അതീഖിന് ജയത്തിലേക്ക് ഇടുങ്ങിയ വഴികൾ
നൂറു മിഠായിത്തെരുവിന്റെ വലുപ്പം. ഒരുമിച്ച് രണ്ടാൾക്ക് മാത്രം കടന്നുപോകാൻ മാത്രം വീതിയുള്ള ഗലികൾ. മഴക്കാലത്തെ പുഴ പോലെ, ദീപാവലി ഷോപ്പിങ്ങിനായി നിറഞ്ഞൊഴുകിയ ജനം. പഴയ ഭോപാലിലെ പീർ ഗേറ്റ് ചൗരാഹ മാർക്കറ്റിലെ ദൃശ്യമാണ്. നീണ്ടു കിടക്കുന്ന ഗലികളിലൊന്നിന്റെ അറ്റത്ത് കടമുറിയിൽ ചെറിയൊരു ആൾക്കൂട്ടം. അനുഗ്രഹിക്കാനായി പൂജാരിയും മസ്ജിദിലെ ഇമാമും ഉണ്ട്. ആൾക്കൂട്ടത്തിനു നടുവിൽ, ചെണ്ടുമല്ലി കോർത്ത മാലയണിഞ്ഞ് മണവാളനെപ്പോലെ ഇരുന്ന് ആതിഖ് അഖീൽ ‘മനോരമ’യോട് സംസാരിക്കുന്നു
∙ വോട്ടർമാരുടെ പ്രതികരണം എങ്ങനെ?
ഈ മണ്ഡലത്തിലെ വോട്ടർമാർ എന്റെ പിതാവിന് കുടുംബാംഗങ്ങളെപ്പോലെയാണ്. ആ സ്നേഹം എനിക്കും ലഭിക്കുന്നു.
∙ താങ്കളുടെ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധമുണ്ടല്ലോ? മക്കൾ രാഷ്ട്രീയമെന്ന ആരോപണമുണ്ട്?
അതെല്ലാം തീരുമാനിച്ചത് പാർട്ടിയാണ്. എനിക്കൊന്നും പറയാനില്ല.
∙ താങ്കളുടെ ചാച്ചാജി വിമതനായി രംഗത്തുണ്ടല്ലോ. അത് വിജയത്തെ ബാധിക്കുമോ?
പ്രചാരണത്തിന് പോകാൻ സമയമായി. ജനങ്ങൾ കാത്തു നിൽക്കുന്നു.
കൂട്ടത്തിലെ മുതിർന്നവർ ചേർന്ന് സ്ഥാനാർഥിക്ക് പഗ്ഡി (പ്രത്യേക തലപ്പാവ്) കെട്ടിക്കൊടുത്തു. കൈകൾ കൂപ്പി, മുഖത്ത് ചിരിയുമായി ഗലികളിലേക്ക് ആതിഖും ഒപ്പം ആൾക്കൂട്ടവും ഇറങ്ങി. കന്നി വിജയത്തിലേക്കുള്ള വഴി ചൗരാഹ മാർക്കറ്റിലെ ഗലികൾ പോലെ ഇടുങ്ങിയതാണെന്ന് ഒപ്പമുള്ള പ്രാദേശിക നേതാക്കൾ സമ്മതിക്കുന്നു.