ADVERTISEMENT

ന്യൂഡൽഹി∙ വായു മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. പ്രൈമറി ക്ലാസ് വിദ്യാർഥികൾക്ക് 10 വരെ അവധി പ്രഖ്യാപിച്ചു. 6–12 വരെ ക്ലാസുകൾക്ക് ഓൺലൈൻ പഠനം ഏർപ്പെടുത്താം. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും 50% ജീവനക്കാർക്കു വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ സർക്കാരിനു തീരുമാനമെടുക്കാമെന്നു കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശിച്ചു. 

വായു മലിനീകരണം അതിരൂക്ഷമായ ഡൽഹിയിലെ അവസ്ഥ വിലയിരുത്താൻ സംസ്ഥാന സർക്കാർ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.  ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണവും പ്രഖ്യാപിച്ചേക്കും. അന്തരീക്ഷ മലിനീകരണം തുടർച്ചയായ നാലാം ദിവസവും അതീവ രൂക്ഷമായി തുടർന്നതോടെയാണു കേന്ദ്ര സർക്കാർ നിയന്ത്രണ നടപടികളുടെ (ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ) അവസാന ഘട്ടം ഇന്നലെ അടിയന്തരമായി നടപ്പാക്കിയത്.

അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പു കഴിഞ്ഞ പാടശേഖരങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ളവ കൂട്ടിയിട്ടു കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണം ഇത്രയേറെ രൂക്ഷമാകാനിടയാക്കിയത്. 

‍ഡൽഹി ഒന്നാമത്; പിന്നാലെ മുംബൈയും കൊൽക്കത്തയും

വായു മലിനീകരണം കൂടിയ ലോക നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്ത്. ഇന്നലെ രാവിലെ ഡൽഹിയിലെ വായു ഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡക്സ്– എക്യുഐ) 483 ആയി. തൊട്ടു പിന്നിലായി കൊൽക്കത്തയും മുംബൈയും ഉണ്ട്. കൊൽക്കത്ത മൂന്നാമതും മൂംബൈ ആറാമതുമാണ്. കൊൽക്കത്തയിലെ വായു ഗുണ നിലവാരം 206 ആണെങ്കിൽ  മൂംബൈയിൽ അത് 162 ആണ്. 

10 സിഗരറ്റ് ഒരുമിച്ചു വലിക്കുന്നതിനു തുല്യമായ അവസ്ഥയാണ് ഡൽഹിയിലെ വായു ശ്വസിക്കുന്ന ഒരാൾ നേരിടുന്നതെന്നാണു വിലയിരുത്തൽ. വായു നിലവാരം 50 കടക്കുന്നതു തന്നെ അപകടകരമാണ്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ ശാദിപ്പുർ, ഡൽഹി കന്റോൺമെന്റ്, ബവാന, ആയ നഗർ തുടങ്ങിയ സ്ഥലങ്ങളാണ് വായു മലിനീകരണം ഏറ്റവും കൂടിയ ഹോട്ട് സ്പോട്ടുകൾ.

English Summary:

Delhi Air Quality Worsens, Primary Schools to remain closed till November 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com