ഉവൈസി പാർട്ടി അഥവാ ബിആർഎസ് ബി ടീം
Mail This Article
തെലങ്കാനയുടെ രാഷ്ട്രീയ ഭൂപടത്തിൽ പടിപടിയായി വളർന്ന പാർട്ടിയാണ് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തുഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം) എന്ന ഉവൈസി പാർട്ടി. എന്നാൽ, ബിആർഎസിന് അധികാരത്തിലേക്കുള്ള ‘പടിയാണ്’ കുറച്ചുനാളായി ഉവൈസിയും പാർട്ടിയും. ഇത്തവണ 9 സീറ്റിൽ മത്സരിക്കുന്നുണ്ട്. ജൂബിലി ഹിൽസിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന് എതിരെ കൗൺസിലർ മുഹമ്മദ് റാഷി ഫറാസ് ഉൾപ്പെടെ 7 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കോൺഗ്രസിനു സന്ദേശം നൽകിക്കഴിഞ്ഞു.
ജയിക്കുന്ന സീറ്റുകളത്രയും സർക്കാർ രൂപീകരണ വേളയിൽ ബിആർഎസിനുള്ളതാണ്. കെസിആർ തന്നെ മുഖ്യമന്ത്രിയെന്നു പാർട്ടി നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി ആവർത്തിക്കുന്നുമുണ്ട്. കോൺഗ്രസിന് അനുകൂലമായി വീഴേണ്ട ന്യൂനപക്ഷ വോട്ടുകളെ ഇവർ പിടിച്ചെടുക്കുമെന്നു വ്യക്തം. ബിആർഎസിനും ഉവൈസിക്കും ബിജെപിയുമായി ധാരണയുണ്ടെന്നു കോൺഗ്രസ് ആരോപിക്കുന്നതിന്റെ മൂലകാരണവും ഇതു തന്നെ. ഈ ആരോപണങ്ങളെയും കോൺഗ്രസ് അനുകൂല തരംഗത്തെയും ചെറുക്കാൻ മുഖ്യനേതാവായ അസദുദ്ദീൻ ഉവൈസി തന്നെ തുനിഞ്ഞിറങ്ങിയിട്ടുണ്ടെന്നു പ്രചാരണ വേദികളിൽ വ്യക്തം.
കൂടിനിൽക്കുന്നവരോടു മൈക്കിലൂടെ ഉവൈസി തന്നെ സംസാരിക്കുന്നു. തൊഴുകൈകളോടെ നിൽക്കുക, തല കുമ്പിട്ട് വോട്ടർമാരുടെ അനുഗ്രഹം വാങ്ങുക എന്നീ രണ്ടേ രണ്ടു കാര്യങ്ങളെ ഉവൈസി കൂടെയുള്ളപ്പോൾ സ്ഥാനാർഥികൾ ചെയ്യേണ്ടതുള്ളൂ. പ്രസംഗത്തിൽ കടുത്ത ബിജെപി വിമർശനം നടത്തുന്നു, കോൺഗ്രസ് അപ്രസക്തമെന്ന് ആവർത്തിക്കുന്നു.
എംഐഎം വളർന്ന വഴി
1927 ൽ രൂപീകൃതമായ എംഐഎം 1957 ൽ എഐഎംഐഎം പാർട്ടിയായി. സ്വതന്ത്ര ഇന്ത്യയിൽ പാർട്ടിയുടെ ആദ്യ എംഎൽഎ അസദുദ്ദീൻ ഉവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഉവൈസിയായിരുന്നു. 1962 ൽ പത്തേർഗട്ടിയിൽ സ്വതന്ത്രനായി ജയിച്ചു അദ്ദേഹം പിന്നീടു ചാർമിനാർ ഉൾപ്പെടെ പല മണ്ഡലങ്ങളിൽ ജയിച്ചു. എന്നാൽ പാർട്ടി 1993 ൽ പിളർന്നു. 1999 ൽ ഉവൈസി പാർട്ടി 4 സീറ്റുമായി തിരിച്ചുവരവു നടത്തി. 2009 മുതൽ പാർട്ടിയുടെ 7 അംഗങ്ങൾ നിയമസഭയിലുണ്ട്. ഹൈദരാബാദ് മേഖലയിൽ വലിയ ശക്തിയാണ്.