പ്രജകളിൽ പ്രതീക്ഷയർപ്പിച്ച് രാജകീയ സ്ഥാനാർഥികൾ; വസുന്ധരയെ മെരുക്കാൻ വേണ്ടിവന്നാൽ ദിയാകുമാരി
Mail This Article
ജയ്പുർ നഗരം സ്ഥാപിച്ച ജയ്സിങ് രണ്ടാമൻതന്നെയാണ് ഇഷ്ടികനിറത്തിൽ തിളങ്ങുന്ന ജയ്പുർ കൊട്ടാരത്തിന്റെയും സ്ഥാപകൻ. ചരിത്രത്തിൽ ഇതിഹാസസമാനമായ സ്ഥാനം വഹിക്കുന്ന ഈ കൊട്ടാരത്തിന്റെ അകത്തളച്ചുമരുകളിൽ രാജവംശത്തിന്റെ പല കാലങ്ങളിലുള്ള ചിത്രങ്ങൾ ഇടം പിടിച്ചിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഫോട്ടോ മഹാറാണി ഗായത്രി ദേവിയുടേതാണ്. പ്രശസ്തമായ വോഗ് മാഗസിൻ ലോകത്തിലെ 10 അതിസുന്ദരിമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വനിതയായിരുന്നു ഗായത്രി ദേവി. അതേസമയം, കോൺഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും ശത്രുക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനവും അവർക്കുതന്നെയായിരുന്നു. ആർക്കാണ് സൗന്ദര്യം കൂടുതൽ എന്ന കാര്യത്തിൽ ഇന്ദിരാ ഗാന്ധിയും ഗായത്രിദേവിയും തമ്മിൽ കിടമത്സരം നിലനിന്നിരുന്നതായാണ് പറയപ്പെടുന്നത്.
സൗന്ദര്യത്തിനൊപ്പം തന്റേടവും കൈമുതലായുണ്ടായിരുന്നു ഗായത്രി ദേവിയാണ് ജയ്പുർ രാജകുടുംബത്തിൽനിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് ജയിക്കുന്ന വനിത. 1962ൽ ജയ്പുരിൽനിന്ന് ലോക്സഭയിലേക്ക്. 1.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അതിനുശേഷം രണ്ടുവട്ടം കൂടി അവർ ലോക്സഭയിലേക്കെത്തി. ചരിത്രം വിട്ട് കൊട്ടാരത്തിൽനിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ വിദ്യാധർ നഗർ സെക്ടർ നാലിൽ എത്തിയാൽ അവിടെയൊരു വനിത ജനക്കൂട്ടത്തിനു മുൻപിൽ കൈകൂപ്പി നിൽക്കുന്നു. പേര് ദിയാകുമാരി. ജയ്പുർ രാജകുടുംബത്തിൽനിന്ന് തിരഞ്ഞെടുപ്പിനിറങ്ങിയ രണ്ടാമത്തെ രാജകുമാരി. കോൺഗ്രസിന്റെ സീതാറാം അഗർവാളാണ് വിദ്യാധർനഗർ മണ്ഡലത്തിലെ ദിയാകുമാരിയുടെ പ്രധാന എതിർസ്ഥാനാർഥി.
മൂന്നാമങ്കം
∙ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും ആസ്തി ജാസ്തിയായ ദിയാകുമാരിയുടെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണ് വിദ്യാധർനഗർ മണ്ഡലത്തിൽനിന്ന് ഇത്തവണത്തേത്. 2013ൽ സവായ് മാധോപുർ നിയോജകമണ്ഡലത്തിൽ നിന്നായിരുന്നു ആദ്യജയം. അതും രാജസ്ഥാൻ രാഷ്ട്രീയത്തിലെ അതികായൻ കിരോടി ലാൽ മീണയെ തോൽപിച്ച്. പിന്നീട് 2019ൽ രാജ്സമന്ദിൽനിന്ന് 5.51 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക്. ആ കാലാവധി പൂർത്തിയാക്കും മുൻപാണ് വിദ്യാധർനഗറിലെ നിയമസഭാ സീറ്റിലേക്ക് ദിയാകുമാരിയെ ബിജെപി നിയോഗിച്ചത്. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച കണക്കനുസരിച്ച് 19.19 കോടിരൂപയാണ് ദിയാകുമാരിയുടെ ആസ്തി. തിരഞ്ഞെടുപ്പു കമ്മിഷനു മുൻപിൽ തുറന്ന നിലവറയിലെ കണക്കു മാത്രമാണിത്. അല്ലാതെയും നിലവറകളുണ്ടാകാം. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആസ്തി 16.59 കോടിയായിരുന്നു. 4 വർഷത്തിനുള്ള 2.6 കോടിയുടെ വർധന സമ്പത്തിലുണ്ടായി.
റാണി vs റാണി
∙ നമ്മുടെ അതേ ബ്രാൻഡ് സാധനവുമായി മറ്റൊരാൾ ചന്തയിൽ വന്നാൽ അതോടെ നമ്മുടെ കച്ചവടം തീർന്നു എന്നു പറയാറുണ്ട്. വസുന്ധര രാജെ സിന്ധ്യയോട് ദിയാകുമാരിയെ മുൻനിർത്തി ബിജെപി കേന്ദ്ര നേതൃത്വം കളിക്കുന്നതും ഇതേ കളിയാണെന്നു കരുതുന്നവരുണ്ട്. രണ്ടു പേരും പെരുമയുള്ള രാജകുടുംബത്തിലെ അംഗങ്ങൾ. രജപുത്ര സമുദായത്തിൽ പിടിപാടുള്ളവർ. വസുന്ധര രാജെ മാറ്റിനിർത്തപ്പെടുമ്പോൾ അത് രജപുത്ര വോട്ടുകളിൽ വീഴിക്കുന്ന വിള്ളൽ ബിജെപിക്കു താങ്ങാനാകില്ല. കാരണം രാജസ്ഥാനിൽ രൂപം കൊണ്ട ആദ്യത്തെ വോട്ട് ബാങ്കാണ് രജപുത്രർ. സ്വാതന്ത്ര്യത്തിനു ശേഷം അധികാരവും സമ്പത്തും നഷ്ടപ്പെട്ടതോടെ രജപുത്ര സമുദായം കോൺഗ്രസിന് എതിരായി. അവർ കൂട്ടത്തോടെ വന്നുചേർന്നത് ജനസംഘിലേക്കും ജനത പാർട്ടിയിലേക്കും അതു വഴി ബിജെപിയിലേക്കുമാണ്. അന്നു മുതൽ ഇന്നുവരെ കൃത്യമായ വോട്ട്‌വിഹിതം ബിജെപിക്കു നൽകുന്നുമുണ്ട്. ആ വിഹിതം കിട്ടക്കടമായി മാറാതിരിക്കാനുള്ള അടവാണ് ദിയാകുമാരിയുടെ സ്ഥാനാർഥിത്വമെന്നു പറയപ്പെടുന്നു. വിദ്യാധർ നഗറിൽനിന്ന് മൂന്നു തവണ ജയിച്ച നർപത് സിങ് രാജ്‌വിയെ ഒഴിവാക്കിയാണ് ദിയാകുമാരിക്ക് ഇത്തവണ ബിജെപി സീറ്റ് കൊടുത്തത്. രാജസ്ഥാനിലെ ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവായ ഭൈറോൺ സിങ് ശെഖാവത്തിന്റെ മരുമകനും വസുന്ധര രാജെ പക്ഷക്കാരനുമാണ് രാജ്‌വി. പ്രതിഷേധങ്ങൾക്കൊടുവിൽ രാജ്‌വിക്ക് ചിത്തോഡ്ഗഡിൽ സീറ്റ് അനുവദിച്ചെങ്കിലും ബിജെപി മുന്നോട്ടുവച്ച ഗെയിം പ്ലാൻ വ്യക്തമാണ്. ഒരു റാണിക്ക് ചെക്ക് വയ്ക്കാൻ മറ്റൊരു റാണി തന്നെ വേണം.
ചിഹ്നം മാറരുതേ
∙ 1962ൽ സ്വതന്ത്രപാർട്ടിയുടെ ബാനറിൽ കോൺഗ്രസിനെതിരെ പോരിനിറങ്ങിയപ്പോൾ മഹാറാണി ഗായത്രി ദേവിക്ക് നാട്ടുകാരുടെ വിശ്വാസ്യതയിൽ സംശയമേതുമില്ലായിരുന്നു. പക്ഷേ, താൻ മത്സരിക്കുന്ന ചിഹ്നം അവർക്കു മനസ്സിക്കിക്കൊടുക്കാനായിരുന്നു പെടാപ്പാട്. ഗായത്രി ദേവിതന്നെ ഇക്കാര്യമൊരിക്കൽ പറഞ്ഞിട്ടുമുണ്ട്. ‘കുതിര സവാരിക്കാരന്റെ ചിഹ്നം കാണുമ്പോൾ അവർ പറയും ജയ്പുരിൽ കുതിരയോടിക്കുന്നത് മഹാറാണിയല്ലാതെ മറ്റാര്. ഇതുതന്നെ ചിഹ്നം. താമര ചിഹ്നം കാണുമ്പോൾ അവർ പറയും. ജയ്പുരിലെ താമര മഹാറാണിയല്ലാതെ മറ്റാര്’. വോട്ടെടുപ്പ് ആയപ്പോഴേക്കും നാട്ടുകാർ ചിഹ്നം (നക്ഷത്രം) പഠിച്ചെടുത്തു. ഗായത്രി ദേവി ജയിക്കുകയും ചെയ്തു. എന്തായാലും രാജകുമാരി ദിയാകുമാരിക്ക് നിലവിൽ ഈ സ്ഥിതിയില്ല. ചിഹ്നവും വ്യക്തം. ആളും വ്യക്തം. വിദ്യാധർ നഗർ സെക്ടർ നാലിൽ നടന്ന ചടങ്ങിൽ ഭയഭക്തി ബഹുമാനങ്ങളോടെ വണങ്ങുന്ന മനുഷ്യർ തന്നെ തെളിവ്. അവിടെ വോട്ടർമാരും പൗരന്മാരുമില്ല. പ്രജകൾ മാത്രമേയുള്ളൂ. രാജകുമാരിയുടെ പ്രജകൾ.