മഹുവയുടെ സസ്പെൻഷന് ശുപാർശയെന്ന് സൂചന
Mail This Article
ന്യൂഡൽഹി ∙ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ സസ്പെൻഡ് ചെയ്യണമെന്നു പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്റെ കരടിൽ ശുപാർശയെന്നു സൂചന. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന വിവാദത്തിലാണു നടപടി. കരട് ചർച്ച ചെയ്യാൻ എത്തിക്സ് കമ്മിറ്റി ഇന്നു യോഗം ചേരുമെന്നാണു വിവരം.
അതിനിടെ സിബിഐ അന്വേഷണത്തിനു ലോക്പാൽ നിർദേശം നൽകിയതായി ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. ഇക്കാര്യത്തിൽ സിബിഐയുടെ അറിയിപ്പ് വന്നിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ടു നിഷികാന്ത് ദുബെ ലോക്പാലിനു പരാതി നൽകിയിരുന്നു. ‘ദേശീയസുരക്ഷയെ ബാധിക്കുന്ന അഴിമതി വിഷയമായതിനാൽ മഹുവയ്ക്കെതിരായ പരാതിയിൽ അന്വേഷണം നടത്താൻ ലോക്പാൽ സിബിഐക്കു നിർദേശം നൽകിയിരിക്കുന്നു’– ദുബെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അതേസമയം, സിബിഐ ആദ്യം അദാനിയുടെ കൽക്കരി ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം നടത്തേണ്ടതെന്നു മഹുവ മറുപടി നൽകി.