പുറത്താക്കൽ നടപടിക്കുമുൻപേ സഭയിൽ ചർച്ച, വോട്ടെടുപ്പ്; എന്താകും മഹുവയുടെ ഭാവി?
Mail This Article
ന്യൂഡൽഹി ∙ തൃണമൂൽ അംഗം മഹുവ മൊയ്ത്രയെ സഭയിൽനിന്നു പുറത്താക്കാൻ ലോക്സഭാ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും നടപടിക്ക് ഒരു മാസത്തോളം സമയമെടുക്കും. ഡിസംബർ ആദ്യം സഭ സമ്മേളിക്കുമ്പോൾ റിപ്പോർട്ടിന്മേൽ സഭയിൽ ചർച്ച നടക്കണം. സമിതി നിർദേശിച്ച ശിക്ഷ നൽകുകയോ നൽകാതിരിക്കുകയോ ചെയ്യേണ്ടതു വോട്ടെടുപ്പിലൂടെയാണ്. ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനും സഭയ്ക്ക് അധികാരമുണ്ട്.
ലോഗിൻ ഐഡിയും പാസ്‌വേഡും പുറത്തൊരാൾക്കു മഹുവ കൈമാറിയതായി തെളിഞ്ഞിട്ടുണ്ടെങ്കിലും സഭയിൽ ചോദ്യം ഉന്നയിച്ചതിനു പകരമായി ഹിരാനന്ദാനിയിൽനിന്നു പണം കൈപ്പറ്റിയതായി തെളിഞ്ഞിട്ടില്ലെന്ന് അവരെ പിന്തുണയ്ക്കുന്ന അംഗങ്ങൾക്കു ചർച്ചയിൽ വാദിക്കാനാവും.
മഹുവയ്ക്കു പണം നൽകിയതായി ഹിരാനന്ദാനി പറഞ്ഞിട്ടില്ലെന്നും പണം കൈമാറിയതായി സമിതി കണ്ടെത്തിയിട്ടില്ലെന്നും വാദമുയരാം. ഹിരാനന്ദാനിയെ ചോദ്യം ചെയ്യാൻ മഹുവയ്ക്ക് അവസരം നൽകിയില്ലെന്നതും അവർക്ക് അനുകൂലമായ ഘടകമായി ഉയർത്താനാവും.
സഭയിൽ ചോദ്യം ഉന്നയിക്കുന്നതിനു പണം കൈപ്പറ്റിയതായി ആദ്യം ആരോപണമുയർന്നത് 1951ൽ എച്ച്.ജി.മുദ്ഗൽ എന്ന കോൺഗ്രസ് അംഗത്തിനെതിരെയാണ്. അതിൽ അദ്ദേഹം പണം കൈപ്പറ്റിയതായി തെളിവുണ്ടായിരുന്നു. 2005 ൽ ഇതേ ആരോപണം 11 അംഗങ്ങൾക്കെതിരെ ഉയർന്നതു പണം വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
ലോഗിൻ ഐഡിയും പാസ്‍വേഡും കൈമാറിയെന്ന കുറ്റത്തിന് ഇത്രയും കടുത്ത ശിക്ഷ നൽകേണ്ടതില്ലെന്നും വാദമുയരാം. പുറത്താക്കലെന്നതു സഭാംഗത്തെ സംബന്ധിച്ചിടത്തോളം മരണശിക്ഷ പോലെയാണെന്നു 2005 ലെ കേസിൽ ഇപ്പോൾ മഹുവയ്ക്കെതിരെ ആരോപണം ഉയർത്തുന്ന ബിജെപി തന്നെ വാദിച്ചിട്ടുള്ളതാണ്. സഭയിലെ ചർച്ചയും വോട്ടെടുപ്പും കഴിഞ്ഞു പുറത്താക്കപ്പെട്ടാൽ, അതിനുശേഷമേ മഹുവയ്ക്കു കോടതിയെ സമീപിക്കാനാവൂ.