മണിപ്പുർ: തട്ടിക്കൊണ്ടുപോയവരിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ തട്ടിക്കൊണ്ടുപോയ നാലംഗ കുക്കി കുടുംബത്തിലെ 2 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൈനികന്റെ കുടുംബാംഗങ്ങളായ ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് കാങ്ചുപ് മേഖലയിൽനിന്ന് കണ്ടെത്തിയത്. പ്രദേശത്ത് വൻ സുരക്ഷ ഏർപ്പെടുത്തി.
മധ്യവയസ്കയായ സ്ത്രീയുടെ മൃതദേഹം തലയ്ക്കു വെടിയേറ്റ നിലയിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലും പുരുഷന്റെ മൃതദേഹം കൈകൾ പിന്നിൽ ബന്ധിച്ച്, കണ്ണുകെട്ടി തലയ്ക്കു പിന്നിൽ വെടിയേറ്റ നിലയിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലുമാണ് കണ്ടെത്തിയത്.
വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുക്കി കുടുംബത്തിലെ 4 പേരെയാണ് ചൊവ്വാഴ്ച കാങ്ചുപിൽനിന്ന് വാഹനം തടഞ്ഞു തട്ടിക്കൊണ്ടുപോയത്. അഞ്ചാമത്തെയാളെ ക്രൂരമായി ആക്രമിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചിരുന്നു.
ആരംഭായ് തെങ്കോലെന്ന തീവ്ര മെയ്തെയ് സംഘടനയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു കുക്കി സംഘടനകൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പിൽ 2 പൊലീസുകാർ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റിരുന്നു. മേയ് 3 ന് ആരംഭിച്ച കലാപത്തിൽ ഇതിനകം ഇരുനൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേസമയം, മണിപ്പുരിലെ 4 ജില്ലാ ആസ്ഥാനങ്ങളിൽ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതായി അധികൃതർ അറിയിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്.