തെലങ്കാന: കർഷക മനസ്സിലേക്കു വഴി തേടി; വാഗ്ദാനങ്ങൾ കർഷകരെ സ്വാധീനിക്കുമോ?
Mail This Article
ഹൈദരാബാദ്–നാഗ്പുർ ദേശീയപാതയിലൂടെ മേദകിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ വഴി മാറി പാലക്കാട്ടെ ഏതോ ഉൾനാടൻ ഗ്രാമത്തിലൂടെയാണു പോകുന്നതെന്ന് ഒരു നിമിഷം തോന്നി. ചുറ്റും വിളഞ്ഞുനിൽക്കുന്ന നെൽപാടങ്ങൾ. വീടുകളിലേക്കെത്തുമ്പോൾ വീതി കൂടിവരുന്ന നടവരമ്പുകൾ. പെട്ടെന്നു കാർ ബ്രേക്കിട്ടു. റോഡിൽ നെല്ല് ഉണക്കാനിട്ടിരിക്കുന്നു.
പാടങ്ങൾക്കരികിലെ റോഡുകളിലാണു തെലങ്കാനയിലെ കർഷകർ നെല്ല് ഉണക്കാനിടുക. റോഡ് നാലുവരിപ്പാതയായി വളർന്നിട്ടും ശീലങ്ങൾക്കു മാറ്റമില്ല. വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയുടെ ഒരറ്റത്ത് അവർ നെല്ല് ചിക്കുന്നു. വാഹനങ്ങൾ അവിടെയത്തുമ്പോൾ അടുത്ത ലെയ്നിലേക്കു മാറും.
തെലങ്കാനയിലെ എല്ലാ വഴികളിലും നെല്ലുണക്കുന്ന കർഷകരെ കാണാം. ആരും അവരെ തടയില്ല. കാരണം അധികാരത്തിലേക്കുള്ള വഴി കർഷക മനസ്സിലൂടെയാണ്. 56 ലക്ഷം കർഷകരാണ് കൃഷിവകുപ്പിന്റെ ധരണി പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 56 ലക്ഷം കർഷകരെന്നാൽ അത്രയും കുടുംബങ്ങളാണെന്നു പാർട്ടികൾക്കറിയാം; 3.17 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് അതിന് എത്ര മൂല്യമുണ്ടെന്നും.
2014 ൽ നടപ്പിലാക്കിയ കർഷകക്ഷേമ പദ്ധതികളാണ് 2018 ൽ അധികാരം നിലനിർത്താൻ സഹായിച്ചത് എന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു കഴിഞ്ഞ തവണ കർഷകർക്കായി കൂടുതൽ പദ്ധതികൾ നടപ്പാക്കി. ഒരു ഏക്കറിന് വർഷം 10,000 രൂപ വീതം നൽകുന്ന റൈതു ബന്ധു, മരിച്ചാൽ 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുന്ന റൈതു ഭീമ തുടങ്ങിയവയായിരുന്നു പ്രധാനം.
ഇത്തവണ പക്ഷേ, കോൺഗ്രസ് ഒരു മുഴം നീട്ടിയെറിഞ്ഞു. ഏക്കറിന് 15,000 രൂപ നൽകുന്ന റൈതു ബറോസ പദ്ധതി കോൺഗ്രസ് 2 മാസം മുൻപേ പ്രഖ്യാപിച്ചു.
കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നു തിരിച്ചറിഞ്ഞ കെസിആർ റൈതു ബന്ധു സഹായധനം 16,000 ആയി വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചത് രണ്ടാഴ്ച മുൻപാണ്. കർഷകത്തൊഴിലാളികൾക്കു 15,000 രൂപ പെൻഷനും പ്രഖ്യാപിച്ചു. കാർഷിക ആവശ്യങ്ങൾക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യം കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ, ബിആർഎസ് പ്രകടനപത്രികയിൽ അത് 250 യൂണിറ്റാക്കി. പിഎം കിസാൻ യോജന 6000 രൂപയിൽ നിന്ന് 10,000 രൂപയാക്കി ഉയർത്തുമെന്നാണു ബിജെപിയുടെ വാഗ്ദാനം.
വാഗ്ദാനങ്ങൾ കർഷകരെ സ്വാധീനിക്കുമോ? റോഡരികിൽ നെല്ലുണക്കിക്കൊണ്ടിരുന്ന ഒടിയാരം സ്വദേശി ബാലയ്യയോടു ചോദിച്ചു. ‘നീലു, കറന്റ്, പെൻഷൻ (വെള്ളം, വൈദ്യുതി, പെൻഷൻ) ഇതു മൂന്നും തരുന്നവർക്കു വോട്ടു ചെയ്യും’’. ബാലയ്യ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.