ADVERTISEMENT

ബോളിവുഡ് സിനിമയിൽ നായകന്റെ എൻട്രിയെ അനുസ്മരിപ്പിക്കുന്നതാണ് രംഗം. ഉച്ചത്തിൽ മുദ്രാവാക്യം– ‘ദേഖോ ദേഖോ കോൻ ആയാ, ഷേർ ആയാ ഷേർ ആയാ’ (ആരാ വന്നതെന്നു നോക്കൂ: സിംഹമാണ്, സിംഹം). ഇളകിമറിയുന്ന ആൾക്കൂട്ടത്തിനു നടുവിലൂടെ ഒരു ചുള്ളൻ പയ്യൻ നടന്നുവരുന്നു. വെള്ള പാന്റും വെള്ള ജുബ്ബയും. കാഴ്ചയിലും നെറ്റിയിലേക്കു വീഴുന്ന നീണ്ട മുടി ഇടയ്ക്കിടെ വകഞ്ഞുമാറ്റുന്നതിലും ഒരു ശശി തരൂർ ടച്ച്.

ഗുണ ജില്ലയിലെ രാഘോഗഡ് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ജയ്‌വർധൻ സിങ് ജനസഭയ്ക്കായി രുഠിയ എന്ന സ്ഥലത്തെത്തുകയാണ്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകനു പാർട്ടിയുടെ ഉറച്ച കോട്ടയിൽ ഇതു മൂന്നാമങ്കം. അമ്മമാർ ആരതിയുഴിഞ്ഞും തിലകം ചാർത്തിയും സ്വീകരിക്കുന്നു, മുതിർന്നവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നു. ചെറുപ്പക്കാർ ഒപ്പം സെൽഫിയെടുക്കുന്നു. എല്ലാ തലമുറയുമായും എളുപ്പത്തിൽ കണക്ടാകാനുള്ള മെഴ്‌വഴക്കം പ്രകടം. 

വിദ്യാഭ്യാസ യോഗ്യതയിലും ചെറിയൊരു തരൂരാണ് ജയ്‌വർധൻ. ഡൂൺ സ്കൂൾ, ഡൽഹി ശ്രീറാം കോളജ് ഓഫ് കൊമേഴ്സ്, യുഎസിലെ കൊളംബിയ സർവകലാശാല എന്നിവിടങ്ങളിൽ പഠനം. മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 2013 ൽ 27–ാം വയസ്സിൽ രാഷ്ട്രീയത്തിലിറങ്ങി. 2018 ൽ 15 മാസം നീണ്ട കമൽനാഥ് മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായി. 

രാഘോഗഡിൽ ആദ്യം മത്സരിക്കുമ്പോൾ ദിഗ്‌വിജയ് സിങ്ങിന്റെ മകൻ എന്നതായിരുന്നു ജയ്‌വർധന്റെ മേൽവിലാസം. ദിഗ്‌വിജയും സഹോദരൻ ലക്ഷ്മണൻ സിങ്ങും ഇവിടെനിന്നു പല വട്ടം ജയിച്ചിട്ടുണ്ട്. 10 വർഷത്തിനിപ്പുറം നാട്ടുകാരുടെ സ്വന്തം ബാബാ സാഹിബായി ജയ്‌വർധൻ വളർന്നിരിക്കുന്നു. ആദ്യവട്ടം 46,697 ആയിരുന്ന ഭൂരിപക്ഷം കഴിഞ്ഞതവണ 58,204 ആയി വർധിച്ചത് അതിനു തെളിവ്. ഹീരേന്ദ്ര സിങ്ങാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. ഒന്നുറപ്പ്, മധ്യപ്രദേശിലെ ഭാവി രാഷ്ട്രീയം ഏറെ ചർച്ച ചെയ്യുമെന്നു കരുതാവുന്ന പേരുകളിലൊന്നായി ജയ്‌വർധൻ വളർന്നിരിക്കുന്നു. 

∙ സജീവ രാഷ്ട്രീയത്തിൽ 10 വർഷം പിന്നിട്ടു. എന്താണ് രാഷ്ട്രീയത്തിൽനിന്നു പഠിച്ചത് ? 

ജനങ്ങൾക്ക് സ്നേഹം നൽകിയാൽ അതിന്റെ ഇരട്ടിയിലേറെ തിരിച്ചുകിട്ടുമെന്നു പഠിച്ചു. അതാണ് മുന്നോട്ടുപോകാനുള്ള ഊർജം. 

∙ മണ്ഡലത്തിൽ കഴിഞ്ഞതവണ ഭൂരിപക്ഷം വർധിച്ചു. ഇത്തവണയെന്താണ് സ്ഥിതി ? 

ജനങ്ങളുടെ പ്രതികരണം നിങ്ങൾ കാണുന്നില്ലേ ? അതു വോട്ടിലും കാണാം. 

∙ 2018 ലെ കമൽനാഥ് മന്ത്രിസഭയിലുണ്ടായിരുന്നു. രാഘോഗഡിന് വീണ്ടുമൊരു മന്ത്രിയെ കിട്ടുമോ? 

പാർട്ടിയാണ് അതെല്ലാം തീരുമാനിക്കുന്നത്. എനിക്ക് 3 തവണ സീറ്റ് നൽകിയതും ഒരു വട്ടം മന്ത്രിയാക്കിയതും പാർട്ടിയാണ്. 

∙ കോൺഗ്രസും ബിജെപിയും ശക്തമായ പോരാട്ടത്തിലാണെന്നാണ് പൊതു വിലയിരുത്തൽ. എന്താണ് താങ്കളുടെ നിഗമനം? 

കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. പാർട്ടി പലരും പ്രതീക്ഷിക്കാത്ത മുന്നേറ്റമുണ്ടാക്കും. ബിജെപി സർക്കാരിനെതിരായ വികാരം അത്രമാത്രം ശക്തമാണ്. 

English Summary:

Congress candidate Jaivardhan Singh campighn in Raghogarh Assembly Constituency for Madhya pradesh Assembly election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com